gggg

പൊന്നാനി: ഇടതുമുന്നണിയിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പൊന്നാനി മണ്ഡലത്തിൽ നിലനിൽക്കുന്ന തർക്കം വഴിപിരിയലിലേക്ക്. ജില്ല നേതാക്കളുടെ നേതൃത്വത്തിൽ നടന്ന സി.പി.എം- ​ സി.പി .ഐ ഉഭയകക്ഷി ചർച്ച തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് ഇരുപാർട്ടികളും ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആലോചനയിലേക്കെത്തിയിരിക്കുന്നത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് വരെ നീണ്ട മാരത്തോൺ ഉഭയകക്ഷി ചർച്ചയിലും തീരുമാനമാകാത്ത സാഹചര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ മാത്രമാണ് പ്രശ്ന പരിഹാരത്തിനായുള്ളത്.

പൊന്നാനി നഗരസഭയിലെയും വെളിയങ്കോട് പഞ്ചായത്തിലെയും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ വഴിമുട്ടിയത്. മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിൽ സീറ്റുവിഭജനം ഏകദേശ ധാരണയിലെത്തിയിരുന്നു. പൊന്നാനിയിലും വെളിയങ്കോടും പരിഹാരമാകാതെ മണ്ഡലത്തിലെ മറ്റിടങ്ങളിൽ ഐക്യം വേണ്ടെന്നാണ് സി.പി.ഐ നിലപാട്. എട്ട് സീറ്റുകളിലാണ് പൊന്നാനി നഗരസഭയിലും വെളിയങ്കോട് പഞ്ചായത്തിലും കഴിഞ്ഞ തവണ സി.പി.ഐ മത്സരിച്ചത്. പൊന്നാനി നഗരസഭയിൽ അഞ്ചും വെളിയങ്കോട് നാലും സീറ്റുകൾ മാത്രമെ ഇത്തവണ നൽകാനാകൂവെന്നാണ് സി.പി.എം നിലപാട്. കഴിഞ്ഞ വർഷത്തെ സീറ്റ് വിഭജന രീതി തുടരണമെന്ന ഇടതുമുന്നണി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശമാണ് സി.പി.ഐ ഉഭയകക്ഷി ചർച്ചയിൽ ഉയർത്തിക്കാട്ടിയത്.

കഴിഞ്ഞ വർഷം നൽകിയതിൽ നിന്ന് ഒരു സീറ്റ് വിട്ടുനൽകാമെന്ന് സി.പി.ഐ സമ്മതിക്കുന്നുണ്ടെങ്കിലും ഇതംഗീകരിക്കാൻ സി.പി.എം ഒരുക്കമല്ല. സി.പി.ഐയിൽ നിന്ന് പ്രവർത്തകർ വലിയ തോതിൽ സി.പി.എമ്മിലേക്ക് എത്തിയിട്ടുണ്ടെന്നും അതിനാൽ നേരത്തെ നൽകിയ അത്രയും സീറ്റ് നൽകാനാകില്ലെന്നുമാണ് സി.പി.എം നിലപാട്. അങ്ങനെയെങ്കിൽ മാറഞ്ചേരി പഞ്ചായത്തിൽ നിന്ന് നിരവധി സി പി എം പ്രവർത്തകരും നേതാക്കളും സി പി ഐ യിൽ ചേർന്നിട്ടുണ്ടെന്നും അവിടെ കൂടുതൽ സീറ്റിന് അവകാശമുണ്ടെന്നുമാണ് സി പി ഐയുടെ വിശദീകരണം.

സി പി എം ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.എം. സിദ്ദിഖ്, ജില്ല കമ്മിറ്റി അംഗം എം.എം. നാരായണൻ, ഏരിയ സെക്രട്ടറി പി.കെ ഖലീമുദ്ദീൻ, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പി സുനീർ, ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്, അജിത് കൊളാടി എന്നിവരാണ് ഉഭയകക്ഷി ചർച്ചയിൽ പങ്കെടുത്തത്. നേരത്തെ ഇടതുമുന്നണി യോഗത്തിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ഉഭയകക്ഷി ചർച്ചയിലേക്ക് തർക്കം നീങ്ങിയത്. രണ്ടാംവട്ട ഉഭയകക്ഷി ചർച്ചയാണ് ശനിയാഴ്ച്ച നടന്നത്.

സീറ്റ് തർക്കം ഇനിയും നീട്ടിക്കൊണ്ടു പോകുന്നതിൽ താത്പര്യമില്ലെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. അനിശ്ചിതാവസ്ഥ തുടരുകയാണെങ്കിൽ 51 വാർഡിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സി.പി.എം തീരുമാനം. കഴിഞ്ഞ വർഷം സി.പി.ഐ മത്സരിച്ച 44ാം വാർഡിൽ സി പി എം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ എൻ എൽ ആണ് ഇടതു മുന്നണിയിലെ മറ്റൊരു ഘടകകക്ഷി. രണ്ട് വാർഡിലാണ് ഐ.എൻ.എൽ മത്സരിക്കുക.