പൊന്നാനി: കെ.പി.സി.സി അംഗം കെ. ശിവരാമനെ പൊന്നാനി നഗരസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം. നഗരസഭ ചെയർസ്ഥാനം സംവരണ വിഭാഗത്തിനായി മാറ്റിവയ്ക്കപ്പെട്ട സാഹചര്യത്തിലാണിത്. വിജയം ഉറപ്പുള്ള വാർഡിൽ മത്സരിപ്പിക്കണമെന്നാണ് ആവശ്യമെങ്കിലും പ്രദേശിക കമ്മിറ്റികളുടെ നിലപാട് അനുകൂലമല്ല.
ഈഴുവത്തിരുത്തി മേഖലയിലെ മൂന്ന് വാർഡുകൾ ശിവരാമനായി കണ്ടെത്തിയെങ്കിലും സ്ഥാനാർത്ഥികളായി രംഗത്തുള്ളവർ പിന്മാറാൻ തയ്യാറല്ല. ഇക്കാര്യത്തിൽ ഡി.സി.സി ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ശിവരാമനായി നിർദ്ദേശിക്കപ്പെട്ട വാർഡുകളിൽ അടിയന്തര വാർഡു കമ്മിറ്റികൾ ചേർന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.
8, 9 വാർഡുകളിൽ ഒന്നിൽ മത്സരിക്കാനാണ് പ്രദേശിക നേതൃത്വം ശിവരാമനോട് ആവശ്യപ്പെടുന്നത്. ഇവ സി പി എമ്മിന്റെ കുത്തക വാർഡുകളായതിനാൽ മത്സരിക്കേണ്ടെന്നാണ് ശിവരാമനായി രംഗത്തുള്ളവരുടെ തീരുമാനം.
കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃനിരയിൽ പ്രവർത്തിച്ച് വിവിധ സമര പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേയനായ ശിവരാമൻ മത്സരരംഗത്തുണ്ടാകുന്നത് യു.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
ശിവരാമന് പുറമെ മുൻ നഗരസഭ വൈസ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ പൊന്നാനിയെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. മുപ്പതാം വാർഡിൽ രണ്ട് നഗരസഭ കൗൺസിലർമാർ സ്ഥാനാർത്ഥിത്വവുമായി രംഗത്തുള്ളതും കോൺഗ്രസ് നേതൃത്വത്തെ കുഴക്കുന്നു. ഇക്കാര്യങ്ങൾ രമ്യമായി പരിഹരിക്കാനാവുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.