jjjjjjj

മലപ്പുറം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത സാമ്പാർ മുന്നണി ഇത്തവണയില്ല. മൂന്ന് മുന്നണികളും സ്വന്തം നിലയ്ക്കാണ് മത്സരരംഗത്തുള്ളത്. വെൽഫെയർ പാർ‌ട്ടിയുടെ പിന്തുണയെ ചൊല്ലി യു.ഡി.എഫും എൽ.ഡി.എഫും പരസ്പര ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒഴിച്ചുനിറുത്തിയാൽ മുന്നണികൾക്ക് പുറത്തുനിന്നുള്ള ബന്ധങ്ങളില്ല. യു.ഡി.എഫിലെ ജില്ല, ബ്ലോക്ക് തല സീറ്റ് വിഭജനം ഇന്നലത്തോടെ പൂർത്തിയായി. ജില്ലാ പഞ്ചായത്തിൽ മുസ്‌ലിം ലീഗ് 22 സീറ്റിലും കോൺഗ്രസ് പത്ത് സീറ്റിലും മത്സരിക്കും. കഴിഞ്ഞ തവണയും ഇതേ സീറ്റ് അനുപാതത്തിലായിരുന്നു മത്സരം. ബ്ലോക്ക് തലത്തിലെ സീറ്റുകളുടെ വിഭജനം സംബന്ധിച്ച് ഇന്നലെ രാത്രിയോടെ അവസാനഘട്ട ചർച്ചകൾ പൂർത്തിയാക്കി. രണ്ട് പഞ്ചായത്തുകളിലൊഴികെ മറ്റിടങ്ങളിലെല്ലാം ചർച്ച പൂർത്തിയായിട്ടുണ്ട്. പൊന്മുണ്ട, കരുവാരക്കുണ്ട് പഞ്ചായത്തുകളാണിവ. സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ധാരണയായതോടെ ഏറെ വെല്ലുവിളി ഉയർ‌ത്തിയ കൊണ്ടോട്ടിയിലും യു.ഡി.എഫ് സംവിധാനത്തിൽ തന്നെ മത്സരിക്കാൻ തീരുമാനമായിട്ടുണ്ട്. ഇന്നത്തോടെ ത്രിതല പഞ്ചായത്തുകളിൽ യു.ഡി.എഫിലെ ഓരോ കക്ഷികളും മത്സരിക്കുന്ന സീറ്റുകൾ സംബന്ധിച്ച പൂർണ്ണ ചിത്രം പുറത്തുവരും. ഇതിന് ശേഷം മണ്ഡലം തലങ്ങളിൽ യു.ഡി.എഫ് കൺവെൻഷനുകൾ വിളിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ അഴിമതി ആരോപണങ്ങൾ, സ്വർ‌ണക്കടത്ത്, ലഹരിക്കേസ് , വികസന മുരടിപ്പ്, കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ നിലപാട്, പൗരത്വ ബില്ല് തുടങ്ങിയവ പ്രചാരണായുധമാക്കാനാണ് തീരുമാനം. കഴിഞ്ഞ തവണത്തേതിൽ നിന്ന് വിഭിന്നമായി എല്ലായിടത്തും യു.ഡി.എഫ് സംവിധാനം കൊണ്ടുവരാനായതിലൂടെ മികച്ച നേട്ടമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്.

വെൽഫെയർ പാർ‌ട്ടിയുമായുള്ള സഖ്യത്തിനോട് ഇപ്പോഴും ജില്ലാ കോൺ‌ഗ്രസ് നേതൃത്വം പൂർണ്ണമായും മനസ് തുറന്നിട്ടില്ല. വെൽഫെയർ പാർട്ടി പലയിടത്തും പല മുന്നണികളിലുണ്ട്. അതൊന്നും ജില്ലാതലത്തിൽ പരിഗണിക്കുന്നേയില്ല സി.പി.എം ആയിട്ടും പലയിടത്തും മുന്നണിയുണ്ട്. പ്രാദേശിക നീക്കുപോക്കുകൾ മാത്രമാണ് നടക്കുന്നതെന്നും യു.ഡി.എഫ് ജില്ലാ കൺവീനർ പറയുന്നു.

പുതിയ കക്ഷികൾക്കും വേണം സീറ്റ്

എൽ.ഡി.എഫിൽ ഘടകകക്ഷികളുടെ എണ്ണം കൂടിയതോടെ ഇവർ‌ക്കായി വിട്ടുനൽകേണ്ട സീറ്റുകൾ സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐയും തമ്മിൽ ധാരണയായിട്ടില്ല. ഇതു സംബന്ധിച്ച ഉഭയകക്ഷി ചർച്ചകളാണിപ്പോൾ പ്രധാനമായും നടക്കുന്നത്. ഇരുകക്ഷികൾക്കും സീറ്റുകളിൽ കുറവുണ്ടാവും. ജില്ലാ പഞ്ചായത്തിലൊഴികെ സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. ജില്ലാ പഞ്ചായത്തിൽ സി.പി.എം - 20, സി.പി.ഐ - 4, ഐ.എൻ.എൽ‌ - 2, കേരള കോൺഗ്രസ് മാണി, ജനതാദൾ, ജനതാദൾ എസ്, എൻ.സി.പി എന്നിങ്ങനെ ഓരോ സീറ്റുകളുമെന്ന ധാരണയാണ് രൂപപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണ സി.പി.എം 21 സീറ്റിലും സി.പി.ഐ അഞ്ച് സീറ്റിലുമായിരുന്നു മത്സരിച്ചിരുന്നത്. മിക്ക നിയോജക മണ്ഡലങ്ങളിലും രണ്ടിലധികം പഞ്ചായത്തുകളിൽ സീറ്റ് ചർച്ചകൾ ബാക്കിയുണ്ട്.

കഴിഞ്ഞ തവണ സി.പി.എം കൂടി ഉൾപ്പെട്ട സാമ്പാർ മുന്നണികൾ വലിയ വിജയം നേടിയിരുന്നു. സമീപകാല ചരിത്രത്തിൽ ആദ്യമായി 34 പഞ്ചായത്തുകളുടെ ഭരണമാണ് യു.ഡി.എഫിന് നഷ്ടമായത്. ഉപതിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ 37 പഞ്ചായത്തുകളായി ഇതുയ‌ർന്നു. കോൺഗ്രസും ലീഗും തമ്മിലെ പോരാണ് കാര്യങ്ങൾ സാമ്പാർ‌ മുന്നണികൾക്ക് അനുകൂലമാക്കിയത്. പലയിടങ്ങളിലും കോൺഗ്രസ് സാമ്പാർ‌മുന്നണിയുടെ ഭാഗമായി. യു.ഡി.എഫ് സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. യു.ഡി.എഫ് ജില്ലാ നേതൃത്വം അവകാശപ്പെടുന്ന ഐക്യം താഴെത്തട്ടിൽ എത്രമാത്രം എത്തിയിട്ടുണ്ടെന്നത് കൂടി ആശ്രയിച്ചാവും അന്തിമ വിധി.

പുതിയ ഘടകകക്ഷികൾക്കുള്ള സീറ്റുകൾ തീരുമാനിക്കപ്പെടേണ്ടതുണ്ട്. സി.പി.എമ്മിനും സി.പി.ഐക്കും കൂടുതൽ സീറ്റുകൾ വിട്ടുകൊടുക്കേണ്ട അവസ്ഥയാണ്. യു.ഡി.എഫുമായി കൂട്ടുകൂടാനുള്ള വെൽഫെയർ‌ പാർട്ടിയുടെ തീരുമാനം അവരുടെ അണികൾ തന്നെ അംഗീകരിക്കാത്ത കാഴ്ചയാണ് പലയിടത്തും. വലിയ തിരിച്ചടിയാവും അവ‌ർ നേരിടേണ്ടിവരിക. സംസ്ഥാന സർക്കാരിന്‌റെ വികസന പ്രവര്‌ത്തനങ്ങളിലൂന്നിയാവും എൽ.ഡി.എഫിന്‌റെ പ്രചാരണം.

പി.പി.സുനീർ, എൽ.ഡി.എഫ് കൺവീനർ

യു.ഡി.എഫ് സംവിധാനം വളരെ ശക്തമാണ്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ പ്രശ്നങ്ങളുണ്ടായിരുന്ന ഇടങ്ങളിലെല്ലാം ഐക്യം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. മുന്നണിക്കുള്ളിൽ നിലവിൽ യാതൊരു പ്രശ്നങ്ങളുമില്ല. മികച്ച വിജയം തന്നെ നേടും.

പി.ടി.അജയ് മോഹൻ, യു.ഡി.എഫ് ജില്ലാ കൺവീനർ