മലപ്പുറം: എം.സി. ഖമറുദ്ദീന്റെ അറസ്റ്റ് ഒരു തുടക്കം മാത്രമാണെന്നും വിവിധ കേസുകളിൽ പ്രതികളായ യു.ഡി.എഫിന്റെ മറ്റ് എം.എൽ.എമാരും സ്വാഭാവികമായി അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ഈ കേസുകളിൽ അന്വേഷണം അവസാനഘട്ടത്തിലാണ്. എം.സി. ഖമറുദ്ദീന്റെ അഴിമതിക്ക് മുസ്ലിംലീഗ് കൂട്ടുനിൽക്കുകയാണ്. അഴിമതിയെ കച്ചവടത്തിലെ നഷ്ടമായാണ് ലീഗ് കാണുന്നത്. മുസ്ലിംലീഗ് അഴിമതിയെ ന്യായീകരിച്ചപ്പോൾ കോൺഗ്രസ് പിന്തുണച്ച് രംഗത്തെത്തി. ഖമറുദ്ദീനെ മുസ്ലിംലീഗ് ഭയപ്പെടുന്നു. സോളാർ കേസിൽ കുറ്റം ചെയ്തവരെ സ്വാഭാവികമായി അറസ്റ്റ് ചെയ്യും. അത് അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിക്കും. രാഷ്ട്രീയ തീരുമാനമല്ല ഉണ്ടാവേണ്ടതെന്നും വിജയരാഘവൻ മലപ്പുറത്തു പറഞ്ഞു.