പൊന്നാനി: യുവത്വത്തിന്റെ നേർക്കുനേർ പോരാട്ടത്തിന് പൊന്നാനി നഗരസഭയിൽ ചിത്രം തെളിയുന്നു. മുന്നണികൾക്കിടയിൽ നിലനിൽക്കുന്ന തർക്കങ്ങൾക്ക് അടുത്ത ദിവസങ്ങളിൽ പരിഹാരമാകുന്നതോടെ കടുത്ത മത്സരമാവുംനഗരസഭയിലെ ഒട്ടുമിക്ക വാർഡുകളിലുമുണ്ടാവുക. തുടർ ഭരണമാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. എന്തു വില കൊടുത്തും നഗരഭരണം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് ഗോദയിലിറങ്ങുന്നത്. കൂടുതൽ സീറ്റുകളിൽ ജയിച്ച് കരുത്തറിയിക്കാനാണ് എൻ ഡി എയുടെ ശ്രമം. നഗരസഭയിൽ പ്രസിഡന്റ് സ്ഥാനം ഇത്തവണ എസ്.സി ജനറൽ വിഭാഗം സംവരണമാണ്.
പരിചയസമ്പന്നരും യുവാക്കളും പുതുമുഖങ്ങളും അടങ്ങുന്നതാണ് സി.പി.എം പട്ടിക. സംവരണ സീറ്റുകൾക്ക് പുറമേ ജനറൽ വാർഡുകളിൽ രണ്ടു സ്ത്രീകൾ മത്സരിക്കുന്നുണ്ട്. പട്ടികജാതി വിഭാഗത്തിൽ നിന്ന് അഞ്ചു പേരാണ് മത്സരരംഗത്തുള്ളത്.
മുസ്ലിംലീഗ് ജനറൽ വാർഡുകളിൽ ഒട്ടുമിക്കതും യുവാക്കളാണ്. പട്ടികജാതി വിഭാഗത്തിൽ നിന്ന് രണ്ടു പേർ മുസ്ലിം ലീഗ് പട്ടികയിലുണ്ട്. നേതൃനിരയിൽ നിന്ന് എടുത്ത് പറയാൻ ആരുമില്ല.
കോൺഗ്രസ് പട്ടികയിലും യുവാക്കളാണ് ഇടം പിടിച്ചിരിക്കുന്നത്. കോൺഗ്രസ് മത്സരിക്കുന്ന പകുതിയോളം വാർഡുകളിൽ തർക്കം നിലനിന്നിരുന്നെങ്കിലും പരിഹരിക്കപ്പെട്ടിട്ടുണ്ട്. മുപ്പതാം വാർഡിലായിരുന്നു കാര്യമായ തർക്കം നിലനിന്നിരുന്നത്. രണ്ടു കൗൺസിലർമാരാണ് സ്ഥാനാർത്ഥിത്വത്തിനായി രംഗത്തുണ്ടായിരുന്നത്. ഇതിൽ ഒരാൾ റിബൽ സ്ഥാനാർത്ഥിയായി രംഗത്തുവരാൻ സാദ്ധ്യതയുണ്ട്.
ഇടതുമുന്നണിയിൽ തർക്കം നിലനിൽക്കുന്നതിനാൽ സി പി ഐ കൂടുതൽ സ്ഥാനാർത്ഥികളെ കണ്ടെത്തിയിട്ടുണ്ട്. തർക്കം തീർന്നില്ലെങ്കിൽ 15 വാർഡുകളിൽ മത്സരിക്കാനാണ് തീരുമാനം. മുന്നണി സംവിധാനത്തിൽ എട്ട് വാർഡുകളിലാണ് കഴിഞ്ഞ തവണ സി പി ഐ മത്സരിച്ചത്. ഇത്രയും വാർഡുകൾ ഇത്തവണ നൽകാനാകില്ലെന്നതാണ് തർക്കത്തിന് കാരണം.
വെൽഫെയർ പാർട്ടിയും യു ഡി എഫും തമ്മിൽ ഏകദേശ ധാരണയായിട്ടുണ്ട്. രണ്ട് വാർഡുകളിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ചേക്കും. ഇടതു മുന്നണിയുടെ ഘടകകക്ഷിയായ ഐ.എൻ.എൽ രണ്ട് സീറ്റുകളിലാണ് മത്സരിക്കുക.
ഇനി ചൂടേറും
മൂന്ന് മുന്നണികളും ഒട്ടുമിക്ക സ്ഥാനാർത്ഥികളെയും അനൗദ്യോഗികമായി പ്രഖ്യാപിച്ചു.
തർക്കങ്ങൾ നിലനിൽക്കുന്ന ചില വാർഡുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടെ ഇന്നോ നാളെയൊ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
സി.പി.എം മത്സരിക്കുന്ന വാർഡുകളിൽ ഒട്ടുമിക്കതിലും പ്രചാരണവുമായി മുന്നോട്ടു പോവാൻ സ്ഥാനാർത്ഥികൾക്ക് അനുമതി നൽകി.
യുവാക്കൾക്കും പുതുമുഖങ്ങൾക്കുമാണ് സി.പി.എം മുൻഗണന നൽകിയിരിക്കുന്നത്.
മുസ്ലിം ലീഗ് സ്ഥാനാർത്ഥികളിൽ ഒട്ടുമിക്കതും പുതുമുഖങ്ങളാണ്. സ്ത്രീ വാർഡുകളിൽ മാത്രമാണ് പരിചയ സമ്പന്നരുള്ളത്.
കക്ഷിനില
എൽ.ഡി.എഫ് -29
(സി.പി.എം - 23
സി.പിഐ - 3
എൽഡി.എഫ് സ്വത-1
എൻ.എസ്.സി- 2
യു.ഡി.എഫ് -19
(കോൺഗ്രസ് -8
മുസ്ലിംലീഗ് -10
ജെ.ഡിയു -1)
എൻ.ഡി.എ - 3