election

മലപ്പുറം: ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതികളുടെ കാലാവധി അവസാനിച്ചതോടെ ഇന്നുമുതൽ ഉദ്യോഗസ്ഥ സമിതിക്കാവും ഭരണച്ചുമതല. അഞ്ചുവർഷം പൂർത്തിയാവാത്തതിനാൽ ജില്ലയിലെ 15 പഞ്ചായത്തുകളുടെയും വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കാലാവധി തീരാൻ ഇനിയും ദിവസങ്ങളുണ്ട്. തിരഞ്ഞെടുപ്പ് കേസുകളും മറ്റ് തർക്കങ്ങളും മൂലം ഇവിടങ്ങളിൽ ഭരണസമിതികൾ ചുമതലയേൽക്കാൻ വൈകിയിരുന്നു. ഇതിൽ ചേലേമ്പ്ര,​ കാവന്നൂർ,​ പുലാമന്തോൾ,​ ആലങ്കോട്,​ വാഴയൂർ പഞ്ചായത്തുകളുടേത് ഈ മാസത്തോടെയും എടവണ്ണ,​ പുൽപ്പറ്റ,​ അമരമ്പലം,​ മമ്പാട്,​ ചോക്കാട് പഞ്ചായത്തുകളുടേത് ഡിസംബറിലും വെട്ടം,​ മക്കരപ്പറമ്പ്,​ തിരുനാവായ,​ മംഗലം,​ തൃക്കലങ്ങോട് പഞ്ചായത്തുകളുടേത് ജനുവരിയിലും കാലാവധി പൂർത്തിയാവും. ജില്ലയിൽ 94 പഞ്ചായത്തുകളും 12 നഗരസഭകളും 15 ബ്ലോക്ക് പഞ്ചായത്തുകളുമാണുള്ളത്.

കളക്ടറും ജില്ലപഞ്ചായത്ത് സെക്രട്ടറിയും ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറും ഉൾപ്പെട്ട സമിതിയാണ് ജില്ലാ പഞ്ചായത്തിന്റെ ഭരണത്തിന് ചുക്കാൻ പിടിക്കുക. നഗരസഭകളിൽ സെക്രട്ടറിയും എൻജിനീയറും ഐ.സി.ഡി.എസ് സൂപ്പർവൈസറും ഉൾപ്പെട്ട സമിതിയും പഞ്ചായത്തുകളിൽ സെക്രട്ടറിയും അസിസ്റ്റന്റ് എൻജിനീയറും കൃഷി ഓഫീസറും ചേർന്നാണ് ഭരണം മുന്നോട്ടുകൊണ്ടുപോവുക. തദ്ദേശസ്ഥാപനങ്ങളുടെ ദൈനംദിന പ്രവ‌ർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുപോവുന്നതിനാണ് ഉദ്യോഗസ്ഥ ഭരണസമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. നയപരമായ കാര്യങ്ങളിൽ തീരുമാനിക്കാൻ അധികാരമുണ്ടാവില്ല. തിരഞ്ഞെടുപ്പിന് ഇനി 32 ദിവസം ശേഷിക്കുന്നുണ്ട്. ഇന്നുമുതൽ നാമനിർദ്ദേശ പത്രികസമർപ്പണം തുടങ്ങും. ഈമാസം 19 വരെ പത്രിക സമർപ്പിക്കാം.

കാൽനൂറ്റാണ്ട് പൂർത്തിയാക്കി അവർ

മലപ്പുറം: അഞ്ച്‌ വർഷത്തെ ഭരണകാലാവധി പൂർത്തിയാക്കി തദ്ദേശസ്ഥാപനങ്ങളുടെ അമരത്ത് നിന്നവർ ഇന്നലെ പടിയിറങ്ങി. മത്സരിക്കുന്നതിന് പാർട്ടികൾ പരിധി നിശ്ചയിച്ചതോടെ നിലവിലെ ഭരണസമിതിയംഗങ്ങളിൽ നല്ലൊരുപക്ഷവും മത്സരരംഗത്തില്ല. രണ്ടുതവണ മത്സരിച്ചവരെ സി.പി.എമ്മും മൂന്ന് തവണ മത്സരിച്ചവരെ മുസ്‌ലിം ലീഗും പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ മുതിർന്ന നേതാക്കളടക്കം നിരവധിപേർ മത്സരരംഗത്ത് നിന്ന് പുറത്തായി. ഭരണസമിതികളുടെ അവസാന ദിവസം യാത്രയയപ്പ് സംഗമങ്ങളുടേതായി. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പരസ്പരം അഭിനന്ദിച്ചും മത്സരിക്കുന്നവർക്ക് ആശംസകൾ നേർന്നും വാക്ക്പോരുകളിൽ ക്ഷമ ചോദിച്ചും അവർ പടിയിറങ്ങി.

ജില്ലാ പഞ്ചായത്തിൽ നടന്ന യാത്രയയപ്പ് സംഗമം പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. 32 അംഗങ്ങളിൽ ഭൂരിഭാഗം പേരും രണ്ട് തവണയിൽ കൂടുതൽ മത്സരിച്ചവരാണ്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഉമ്മർ അറക്കൽ,​ സലീം കുരുവമ്പലം എന്നിവർ 25 വർഷമാണ് പൂർത്തിയാക്കിയത്. ജില്ലാപഞ്ചായത്തിൽ ഏറ്റവും കൂടുതൽ കാലം ഭരണസമിതിയുടെ ഭാഗമായ ക്രെഡിറ്റ് ഇരുവർക്കും മാത്രം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ 20 വർഷം പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ രണ്ടുതവണയും. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ ചിത്രം മൂന്ന് മുന്നണികളിലും വ്യക്തമായിട്ടില്ല.