മഞ്ചേരി: പ്രചാരണത്തിന്റെ ആദ്യഘട്ടം ചൂടുപിടിച്ചു തുടങ്ങുമ്പോൾ മുഴുവൻ വാർഡുകളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ അന്തിമലിസ്റ്റ് ഒരുക്കാൻ ഇരുമുന്നണികൾക്കുമായിട്ടില്ല. ഏതാനും ചില വാർഡുകളിലെ ആശയക്കുഴപ്പം തുടരുകയാണ് .
ജില്ലയിലെ തന്നെ വലിയ നഗരസഭകളിലൊന്നാണ് മഞ്ചേരി. 50 വാർഡുകളുള്ള നഗരസഭയിൽ 36 സീറ്റും നേടി വലിയ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് ഭരണം നിലനിറുത്തിയത്. എൽ.ഡി.എഫിന് 11 ഉം ബി.ജെ.പിക്ക് ഒന്നും സീറ്റും നേടാനായി.
1982ൽ നഗരസഭ രൂപവത്കരണത്തിന് ശേഷം ഏട്ടുവർഷം മാത്രമാണ് മഞ്ചേരിയിൽ എൽ.ഡി.എഫ് ഭരിച്ചത്. ബാക്കിയെല്ലായ്പ്പോഴും വിജയം യു.ഡി.എഫിനൊപ്പമായിരുന്നു. 2003ന് ശേഷം ഇടതുപക്ഷത്തിന് മഞ്ചേരിയിൽ ഭരണം ലഭിച്ചിട്ടില്ല. നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് മേധാവിത്വമുള്ള പ്രദേശമാണ് മഞ്ചേരി.
2010ൽ 42 സീറ്റ് നേടിയാണ് യു.ഡി.എഫ് ഭരിച്ചത്. എൽ.ഡി.എഫിന് കിട്ടിയത് എട്ട് സീറ്റ് മാത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാല് സീറ്റ് പിടിച്ചെടുത്ത് അംഗസംഖ്യ രണ്ടക്കം കടന്നു. കഴിഞ്ഞ തവണ മുസ്ലിംലീഗ് 35 സീറ്റിലും കോൺഗ്രസ് 15 സീറ്റിലുമാണ് മത്സരിച്ചത്. ഇതേ നില തുടരാനാണ് തീരുമാനം. ഏതാനും സീറ്റുകളിലെ മത്സരാർത്ഥികളെ സംബന്ധിച്ച് തർക്കം തുടരുന്നതിനാലാണ് ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പുള്ള പ്രാരംഭ പ്രചാരണം തുടങ്ങാനാവാത്തത്. നറുക്കെടുപ്പിനെ തുടർന്ന് തുടർച്ചയായ രണ്ടാംതവണയും നഗരസഭയുടെ അദ്ധ്യക്ഷപദവി അലങ്കരിക്കുക വനിതയായിരിക്കും.
വികസനം നേട്ടമെന്ന് യു.ഡി.എഫ്
അഞ്ചുവർഷം ഭരണ കാലാവധി പൂർത്തിയാക്കുമ്പോൾ ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കാൻ സാധിച്ചെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. 36 കോടി ചെലവഴിച്ച് 2300ലധികം കുടുംബങ്ങൾക്ക് വീട് നൽകാനായി. 16 കോടി രൂപ ചെലവിട്ട് നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കരുവമ്പ്രം വനിത വ്യവസായ അപ്പാരൽ പാർക്കിൽ പുതിയ യൂണിറ്റ് ആരംഭിച്ചു. വൃക്ക മാറ്റിവച്ചവർക്ക് മരുന്നും മറ്റു സഹായങ്ങളും ലഭ്യമാക്കി. വയോജനങ്ങൾക്കായി പകൽവീട് തുടങ്ങി. വയോമിത്രം പദ്ധതി വിപുലമാക്കി.
93 അംഗനവാടികൾക്ക് സ്വന്തം കെട്ടിടം നിർമ്മിച്ചു. പത്ത് സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടനുവദിച്ചു. ശുചിത്വ പദ്ധതികളിലൂടെ രാജ്യത്ത് 168ാം സ്ഥാനം നേടാനായി. സംസ്ഥാനത്തിൽ ആദ്യപത്തിൽ ഉൾപ്പെട്ടു.
വേട്ടേക്കോട്, മംഗലശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു.
വികസന മുരടിപ്പെന്ന് എൽ.ഡി.എഫ്
യു.ഡി.എഫ് തുടർഭരണം നഗരസഭയിൽ വികസന മുരടിപ്പുണ്ടാക്കിയതായി എൽ.ഡി.എഫ് പറയുന്നു.
സമീപ പഞ്ചായത്തുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ പോലും മഞ്ചേരിയിൽ നടപ്പായിട്ടില്ലെന്ന് എൽ.ഡി.എഫ് പറയുന്നു.
നഗരവികസനം, കൃഷി, മാലിന്യ സംസ്‌കരണം, പശ്ചാത്തല വികസനം, തൊഴിൽ,വ്യവസായം തുടങ്ങി ഒരു മേഖലയിലും വികസന മാതൃക തീർക്കാൻ നഗരസഭ ഭരണ സമിതിക്കായില്ല. ദീർഘവീക്ഷണത്തോടെയുള്ള ഒരു പദ്ധതി പോലും ഈ മേഖലകളിൽ ആവിഷ്കരിക്കാൻ കഴിഞ്ഞില്ല.
ഭൂരഹിത ഭവന രഹിതരിൽ ഒരാൾക്ക് പോലും സ്ഥലമോ വീടോ നൽകിയില്ല. കാർഷികമേഖലയെ പൂർണമായി അവഗണിച്ചു. പുതിയ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തനം വൈകിപ്പിച്ച് കോടിക്കണക്കിന് രൂപ നഷ്ടമാക്കി. വിവിധ പദ്ധതികൾ ചട്ടം ലംഘിച്ച് നടപ്പാക്കി അഴിമതിക്ക് കളമൊരുക്കി. പല പദ്ധതികളിലെ അഴിമതിയും ഓഡിറ്റ് റിപ്പോർട്ടിലൂടെ പുറത്ത് വന്നു.