മലപ്പുറം: കൊവിഡ് ഭീതിയിൽ നാട്ടിലേക്കുപോയ ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചുവന്നിട്ടും നിർമ്മാണ മേഖലയിൽ വർദ്ധിപ്പിച്ച കൂലി കുറയുന്നില്ല. മൂന്നു മാസത്തോളമായി നിർമ്മാണ മേഖലയിൽ തൊഴിലാളികളുടെ വലിയ ക്ഷാമമായിരുന്നു. ഇതു മുതലെടുത്താണ് മലയാളി തൊഴിലാളികൾ കൂലി വർദ്ധിപ്പിച്ചത്. ഒരുദിവസത്തെ കൂലിയിൽ മാത്രം 200 മുതൽ 300 രൂപ വരെ വർദ്ധിച്ചു. തൊഴിൽ കൂലിക്കൊപ്പം നിർമ്മാണ വസ്തുക്കൾക്ക് കൂടി വില വർദ്ധിച്ചതോടെ കൊവിഡിൽ പാതിനിലച്ച നിർമ്മാണ പ്രവൃത്തികൾ പുനഃരാരംഭിച്ചവരും പുതുതായി വീട് നിർമ്മാണം തുടങ്ങിയവരും വലിയ പ്രതിസന്ധിയിലാണ്. ജില്ലയിൽ നിന്ന് അരലക്ഷത്തോളം തൊഴിലാളികൾ മടങ്ങിയതായാണ് തൊഴിൽ വകുപ്പിന്റെ കണക്ക്. മൂന്നാഴ്ചയോളമായി തൊഴിലാളികളുടെ മടങ്ങിവരവ് കൂടിയിട്ടുണ്ട്. കൊവിഡിന് മുമ്പുള്ള നിരക്കിൽതന്നെ ഇവർ ജോലി ചെയ്യാൻ തയ്യാറാവുന്നുണ്ട്. കൊവിഡിന് മുമ്പ് സെൻട്രിംഗ് ജോലികൾക്ക് മലയാളി തൊഴിലാളികൾക്ക് 900 മുതൽ ആയിരം രൂപ വരെയും ഇതര സംസ്ഥാന തൊഴിലാളികൾക്ക് 700 രൂപയുമായിരുന്നു കൂലി. ഇതിപ്പോൾ മലയാളി തൊഴിലാളികൾക്ക് 1,200 രൂപയാണ്. ഹെൽപ്പർമാരുടേത് 600ൽ നിന്ന് 800 രൂപയായി.
ടൈൽ ജോലികളിൽ കൂടുതലും ഇതരസംസ്ഥാന തൊഴിലാളികളാണ്. സ്‌ക്വയർഫീറ്റിന് 12 രൂപയാണ് ഇവർ ഈടാക്കിയിരുന്നതെങ്കിൽ കൊവിഡിന് ശേഷം മലയാളി തൊഴിലാളികൾ 19 രൂപയാക്കി വർദ്ധിപ്പിച്ചു.
സ്വപ്ന സാക്ഷാത്കാരത്തിന് ചെലവേറും
മാർബിൾ പണിക്ക് സ്ക്വയർ ഫീറ്റിന് 33 മുതൽ 35 രൂപ വരെയായിരുന്നത് 50 മുതൽ 55 രൂപയാണിപ്പോൾ.
തേപ്പുപണിയുടെ കൂലിയിലും 200 രൂപ വർദ്ധിച്ചു.
രണ്ടാഴ്ച്ചയ്ക്കിടെ സിമന്റിന് ചാക്കൊന്നിന് 30 മുതൽ 35 രൂപ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.
സാധാരണക്കാരുടെ വീടെന്ന സ്വപ്നത്തിനാണ് ഇതു വലിയ തിരിച്ചടിയായത്.
നേരത്തെ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം വീട് നിർമ്മാണം പൂർത്തിയാക്കാനാവാത്ത അവസ്ഥയാണിപ്പോൾ.
കൊവിഡിനെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങിയതിന്റെ മറവിൽ വർദ്ധിപ്പിച്ച കൂലി തുക കുറയ്ക്കാൻ മലയാളി തൊഴിലാളികൾ തയ്യാറാവുന്നില്ല. കരാറെടുത്ത ജോലികൾ എസ്റ്റിമേറ്റ് തുകയ്ക്ക് പൂർത്തിയാക്കാനാവാത്ത അവസ്ഥയാണ്. വീട് നിർമ്മാണത്തിനടക്കം ചെലവ് വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ലോണെടുത്തും മറ്റും വീട് നിർമ്മിക്കുന്ന സാധാരണക്കാരാണ് ഇതിന്റെ ദുരിതം പേറുന്നത്.
സി.എസ്. വിനോദ് കുമാർ, സംസ്ഥാന പ്രസിഡന്റ്, ലെൻസ്‌ഫെഡ് (ലൈസൻസ്ഡ് എൻജിനീയേഴ്സ് ആന്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ)