rape-accused-suicide-

മഞ്ചേരി: പീഡനക്കേസിലെ റിമാൻഡ് പ്രതി കൊവിഡ് ചികിത്സയിലായിരുന്ന പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ തൂങ്ങി മരിച്ചു. പെരിന്തൽമണ്ണ അമ്മിനിക്കാട് ചേലക്കോടൻ മുഹമ്മദ് ഷമീം(27) ആണ് മഞ്ചേരി കോഴിക്കോട് റോഡിലുള്ള ചികിത്സാകേന്ദ്രത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. പ്രണയം നടിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി അട്ടപ്പാടിയിലെ റിസോർട്ടിൽ പീഡിപ്പിച്ച് ആഭരണങ്ങൾ കവർന്നെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ബുധനാഴ്ച പകൽ പന്ത്രണ്ടരയോടെ നമസ്‌ക്കരിക്കാനായി ഷമീം മുറിയിൽ കയറി വാതിലടച്ചു. മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതോടെ സഹ തടവുകാർ ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഉടുതുണി ഉപയോഗിച്ച് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. കൊവിഡ് ബാധിച്ച് കഴിഞ്ഞമാസം 31നാണ് ഇയാളെ തടവുകാർക്കുള്ള ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച്ച കൊവിഡ് മുക്തനായ ഇയാളെ ബുധനാഴ്ച മഞ്ചേരി സ്‌പെഷ്യൽ സബ്‌ജയിലിലേക്ക് മാറ്റാനിരിക്കെയാണ് ആത്മഹത്യ. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.