gggg

മലപ്പുറം: ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയമിക്കപ്പെട്ട സെക്ടറൽ മജിസ്‌ട്രേറ്റുമാർ അവധിയും വിശ്രമവുമില്ലാതെ ദുരിതഓട്ടത്തിൽ. സർക്കാരിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ മാസം എട്ടിനാണ് ജില്ലാ കളക്ടർ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലേക്കായി 106 സ്‌പെഷ്യൽ എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചത്. ഒക്ടോബർ 31 വരെയാണ് ഇവരെ നിയമിച്ചതെങ്കിലും ഇവരുടെ പ്രവർത്തന കാലാവധി വീണ്ടും നീട്ടുകയായിരുന്നു. നിശ്ചിത പ്രവർത്തന സമയം നിശ്ചയിച്ച് നൽകുകയോ വ്യക്തിപരമായ ആവശ്യങ്ങൾക്ക് പോലും അവധിയോ മറ്റ് വിശ്രമസമയമോ അനുവദിക്കുന്നില്ലെന്നാണ് സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരാതി. കൃഷി ഓഫീസർമാർ, പ്ലസ്ടു അദ്ധ്യാപകർ, പി.ഡബ്ല്യു.ഡി എൻജിനീയർമാർ, സബ് രജിസ്ട്രാർ ഓഫീസർമാർ, എ.ഇ.ഒമാർ തുടങ്ങിയവരെയാണ് സെക്ടറൽ മജിസ്‌ട്രേറ്റുമാരായി നിയമിച്ചത്. ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ കളക്ടറുടെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവരുടെ പ്രവർത്തനം.

എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക, ബ്രേക്ക് ദ ചെയിൻ കാമ്പയിൻ, ക്വാറന്റൈൻ, ഐസൊലേഷൻ, മരണം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കൊവിഡ് പ്രോട്ടോക്കോൾ ലംഘനം, മൈക്രോ കണ്ടെയ്ൻമെന്റ് സോൺ, റിവേഴ്സ് ക്വാറന്റൈൻ, വാണിജ്യ സ്ഥാപനങ്ങളിലെയും ഷോപ്പുകളിലെയും മാർക്കറ്റുകളിലെയും കൊവിഡ് പ്രോട്ടോകോൾ ലംഘനം, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കുക എന്നിങ്ങനെ ഭാരിച്ച ചുമതല തന്നെയുണ്ട് സെക്ടറൽ മജിസ്‌ട്രേറ്റുമാർക്ക്. തുടർച്ചയായി ഒരേ ഉദ്യോഗസ്ഥരെ തന്നെ ഈ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ വിവിധ വകുപ്പുകളിൽ സേവനങ്ങൾ മുടങ്ങിക്കിടക്കുന്നുണ്ട്. ഒരുമാസത്തിലേറെയായി ഒരേ പ്രദേശത്ത് തന്നെ ഇടപെടേണ്ടി വരുന്നതിനാൽ പൊതുജനങ്ങളിൽ നിന്നുള്ള എതിർപ്പും നേരിടേണ്ടിവരുന്നുണ്ട്.

വലിയ പാടാണ്
രാവിലെ മുതൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനുമായി ഫീൽഡിലെത്തിയാൽ വൈകിട്ട് വരെ ജോലി ചെയ്തശേഷം പോർട്ടൽ അപ്‌ഡേഷന് വീണ്ടും സമയം കണ്ടെത്തണമെന്ന് ഇവർ പറയുന്നു.

അനുബന്ധ ജോലികൾക്കൊന്നും മറ്റാരെയും നിയോഗിച്ചിട്ടില്ല.

കടകമ്പോളങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വിവാഹ,​ മരണ വീടുകളിലുമെല്ലാം കയറിയിറങ്ങി പൊതുജനങ്ങളുമായുള്ള നിരന്തര ഇടപെടൽ നടത്തുന്നതിനാൽ സംസ്ഥാനത്ത് സെക്ടറൽ മജിസ്‌ട്രേറ്റുമാർക്ക് കൊവിഡ് ബാധിച്ച സംഭവങ്ങളുണ്ട്. പ്രവർത്തന സമയം നിജപ്പെടുത്തുന്നതിനൊപ്പം ഒരേ സ്ഥലത്ത് കൂടുതൽ കാലം ഒരുദ്യോഗസ്ഥനെ നിയമിക്കുന്ന രീതി മാറ്റണമെന്നുമാണ് ഇവരുടെ ആവശ്യം.