മലപ്പുറം: ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കൊവിഡ് നിയമാവലികൾ പൂർണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന അറിയിച്ചു. കൊവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാനാർത്ഥികളും രാഷ്ട്രീയ പ്രവർത്തകരും പൊതുജനങ്ങളും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
കൊവിഡ് പോസിറ്റീവായവരോ ക്വാറന്റൈനിൽ ഇരിക്കുന്നവരോ ഉള്ള വീടുകളിൽ ഓൺലൈനായോ ഫോൺ വഴിയോ വോട്ടഭ്യർത്ഥിക്കാം.
അഞ്ചുപേരിൽ കൂടുതലാളുകൾ ഒരു വീട്ടിൽ ഒരേസമയം പ്രചാരണത്തിന് പോകരുത്.
വീടുകളിൽ നേരിട്ട് പ്രചാരണം നടത്തുന്നവർ വീടിനകത്ത് പ്രവേശിക്കരുത്. കൃത്യമായ സാമൂഹിക അകലം പാലിക്കണം.
തിരഞ്ഞെടുപ്പ് പ്രവർത്തകർ വീടുകളിലെത്തുമ്പോൾ കുട്ടികൾ, മുതിർന്ന പൗരൻമാർ, ഗർഭിണികൾ, മറ്റ് അസുഖങ്ങളുള്ളവർ എന്നിവരുമായി ഇടപഴകരുത്. മറ്റുള്ളവർ മാത്രം മാസ്ക് വച്ച് സാമൂഹിക അകലം പാലിച്ച് സംസാരിക്കണം.
പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക. നടത്തുമ്പോൾ പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
ജാഥ, ആൾക്കൂട്ടം, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കണം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നോട്ടീസ്, ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി സാമൂഹ്യ മാദ്ധ്യമങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.
വീടുകളിൽ എന്തെങ്കിലും വിതരണം ചെയ്താൽ പ്രവർത്തകരും വീട്ടുകാരും കൈ അണു നശീകരണം നടത്തണം.
റോഡ് ഷോ, വാഹനറാലി എന്നിവ പരമാവധി മൂന്ന് വാഹനങ്ങളായി പരിമിതപ്പെടുത്തുക. വാഹനങ്ങളിൽ എയർ കണ്ടീഷണർ ഒഴിവാക്കണം. ജനാലകൾ തുറന്നിടുക.
പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ പ്രചാരണത്തിനിറങ്ങരുത്.
പ്രചാരണത്തിൽ പങ്കെടുക്കുന്ന എല്ലാവരും ഇടയ്ക്കിടെ കൈ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണുനശീകരണം നടത്തണം.സ്വന്തം വീടുകളിലും മാസ്ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം