പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കാളികാവ് അടക്കാകുണ്ട് സ്വദേശി ഞാറക്കൽ അമീൻ സാദിഖ് (33) അറസ്റ്റിൽ.
എട്ടിന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി വെള്ളം ചോദിച്ചെത്തി വീട്ടിനകത്ത് അതിക്രമിച്ചു കയറുകയായിരുന്നു. തലയ്ക്കും കഴുത്തിനും മാരകമായി പരിക്കേറ്റ വൃദ്ധയ്ക്ക് ബോധം നഷ്ടമായി. അടുത്ത ദിവസം വീട്ടിലെ ജോലിക്കാരി പണിക്കുവന്നപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. അയൽവാസികളെയും ബന്ധുക്കളെയും അറിയിച്ച് പരാതിക്കാരിയെ ഹോസ്പിറ്റലിൽ എത്തിച്ചു .
പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്യാനായത്. പ്രതിക്ക് ഒരു കാലിന് ചെറിയ മുടന്തുണ്ടെന്ന പരാതിക്കാരിയുടെ മൊഴിയാണ് നിർണ്ണായകമായത്. നാലുദിവസത്തോളം തുടർച്ചയായി പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ഭാഗങ്ങളിലെ നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും രാത്രിയിൽ ടൗണിൽ കിടക്കുന്നവരെയും മറ്റും പരിശോധിച്ചുമാണ് പ്രതിയെ പിടിച്ചത്. ഒരു കാൽ മുറിച്ചുമാറ്റപ്പെട്ട ശേഷം കൃത്രിമക്കാലുമായി ഭിക്ഷാടനവും മറ്റും നടത്തി അലഞ്ഞുതിരിയുന്നയാളാണ് പ്രതി. സ്ഥിരമായി താമസസ്ഥലമോ മൊബൈൽ നമ്പറോ ഇല്ല. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തി. ഇയാളെ പരാതിക്കാരി തിരിച്ചറിഞ്ഞു. ഭിക്ഷാടനം നടത്തിക്കിട്ടുന്ന പണം കഞ്ചാവും മദ്യവും വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്.
ഇയാൾക്കെതിരെ പെരിന്തൽമണ്ണ, കോഴിക്കോട് കസബ, തൃശ്ശൂർ എക്സൈസ് , മഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ അടിപിടിക്കേസുകളും കഞ്ചാവു കേസുകളും നിലവിലുണ്ട്. ജയിൽ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയതാണ്. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തു. പെരിന്തൽമണ്ണ എ.എസ്.പി എം.ഹേമലതയുടെ
നേതൃത്വത്തിൽ ഇൻസ്പെക്ടർ സി.കെ നാസർ, എസ്.ഐ രമാദേവി , ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ ടി.ശ്രീകുമാർ, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ്കുമാർ, പെരിന്തൽമണ്ണ സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ ജിജോ, എ.എസ്.ഐ സുകുമാരൻ, സി.പി.ഒമാരായ പ്രഫുൽ, കബീർ, മിഥുൻ, ഷാലു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപരിചിതരും ഭിക്ഷാടകരും മറ്റും വീടുകളിലേക്ക് വരുമ്പോൾ ജാഗ്രത പാലിക്കണം.
യു.അബ്ദുൾ കരീം
ജില്ലാ പൊലീസ് മേധാവി