പെരിന്തൽമണ്ണ: പള്ളിയാൽ കുളമ്പ് ഭാഗത്തു വച്ച് അനധികൃതമായി ചെമ്മണ്ണ് കടത്തിയ രണ്ട് ടോറസ് ടിപ്പറുകൾ കൊളത്തൂർ പൊലീസ് പിടികൂടി. ഇന്നലെ പുലർച്ചെയാണ് സംഭവം. രാത്രികാല പൊലീസ് പട്രോളിംഗ് കഴിഞ്ഞ് പുലർച്ചെ വിശ്രമിക്കാൻ സ്റ്റേഷനിൽ കയറുമ്പോഴാണ് ചെമ്മണ്ണ് കടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ നീക്കം നിരീക്ഷിക്കാൻ ബൈക്കുകളിൽ യുവാക്കളെ മണൽമാഫിയഏർപ്പാട് ചെയ്യുന്നുണ്ട്. പാങ്ങ് ചേണ്ടി ഭാഗത്ത് രാത്രികാലങ്ങളിൽ പാടം നികത്തുന്നതായും പരാതിയുണ്ടായിരുന്നു. തുടർന്ന് കൊളത്തൂർ ഇൻസ്‌പെക്ടർ പി.എം ഷമീറിന്റെ നേതൃത്വത്തിൽ പുലർച്ചെ മഫ്തിയിൽ നടത്തിയ രഹസ്യ പരിശോധനയിലാണ് വാഹനങ്ങൾ കുടുങ്ങിയത്. ഖനന പ്രവർത്തനങ്ങൾക്ക് സഹായകരമായി പ്രവർത്തിക്കുന്ന സ്ഥല ഉടമകൾക്കെതിരെ നടപടിക്കായി റവന്യൂ വകുപ്പ് അധികാരികൾക്ക് റിപ്പോർട്ട് കൊടുക്കുമെന്ന് ഇൻസ്‌പെക്ടർ
അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങൾ ജിയോളജി വകുപ്പിന് കൈമാറി.