vvff

മലപ്പുറം: പനിബാധിതരുടെ എണ്ണം സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ളത് മലപ്പുറത്ത്. മറ്റ് ജില്ലകളിലേക്കാൾ ഇരട്ടിയിലധികം രോഗികളാണ് പനി ബാധിച്ച് ഓരോ ദിവസവും ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ഒരാഴ്ച്ചയ്ക്കിടെ 4,442 പേർ ജില്ലയിൽ ചികിത്സ തേടി. സംസ്ഥാനത്ത് ഒരുദിവസം 2,500നും 3,000ത്തിനും ഇടയിൽ പേ‌ർ ചികിത്സ തേടുമ്പോൾ ഇതിൽ 500 മുതൽ 600 പേർ വരെ മലപ്പുറം ജില്ലയിൽ നിന്നാണ്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണത്തിന് പുറമെയാണിത്. കൊവിഡ് കാലമായതോടെ പനി വന്നാൽ പലപ്പോഴും ആളുകൾ സ്വയംചികിത്സ നടത്തുന്നതിനാൽ വ്യക്തമായ കണക്ക് ആരോഗ്യവകുപ്പിനും ലഭിക്കാറില്ല. കൊവിഡ് പേടിയിലാണ് സ്വയംചികിത്സയ്ക്ക് മുതിരുന്നത്. എലിപ്പനി,​ ഡെങ്കിപ്പനി കേസുകൾ കൃത്യസമയത്ത് തിരിച്ചറിയപ്പെടാതിരിക്കാനും രോഗിയുടെ അവസ്ഥ ഗുരുതരമാവാനും ഇത് ഇടവരുത്തിയേക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പേകുന്നു. ഒരാഴ്ച്ചയ്ക്കിടെ ജില്ലയിൽ മൂന്നുപേരെ എലിപ്പനിയുടെയും രണ്ടുപേരെ ഡെങ്കിപ്പനിയുടെയും ലക്ഷണങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലമ്പൂർ മേഖലയിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ആതവനാട്ടിലാണ് ഡെങ്കിപ്പനി.

പനി ബാധിച്ച് ചികിത്സ തേടിയവർ

മലപ്പുറം - 513
തിരുവനന്തപുരം - 273
കൊല്ലം - 126
ഇടുക്കി - 93
ആലപ്പുഴ - 118
എറണാകുളം - 321
തൃശൂർ - 205
പാലക്കാട് - 150
കോഴിക്കോട് - 223
വയനാട് - 107
കണ്ണൂർ - 318
കാസർക്കോട് - 168