pk-kunjalikutti

മലപ്പുറം: കെ.എം.ഷാജി എം.എൽ.എയ്ക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പിടി മുറുക്കിയതോടെ കടുത്ത ആശങ്കയിൽ മുസ്‌ലിം ലീഗ് നേതൃത്വം. തുടർച്ചയായ ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ, ഇന്നലെ പാണക്കാട്ട് ചേർന്ന ലീഗ് ഉന്നതാധികാരസമിതിയിലേക്ക് ഷാജിയെ വിളിച്ചുവരുത്തി വിശദീകരണം തേടി.വരുമാന ഉറവിടം സംബന്ധിച്ച് വ്യക്തമായ രേഖകൾ നൽകിയിട്ടുണ്ടെന്ന് ഷാജി പാർട്ടി നേതൃത്വത്തിന് മുന്നിലും ആവർത്തിച്ചതായാണ് വിവരം. അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഷാജിയെ ഇ.ഡി തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. പത്ത് വർഷത്തെ വരവു ചെലവ് കണക്കുകൾ പത്തു ദിവസത്തിനകം ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിക്ഷേപത്തട്ടിപ്പിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എ അറസ്റ്റിലായതും, ഷാജിക്ക് ഇ.ഡി കുരുക്ക് മുറുകുന്നതും ലീഗിന് തലവേദനയാണ്. സ്വർണക്കടത്തിൽ ഇ.ഡിയുടെ നീക്കങ്ങളെ പ്രശംസിച്ച ലീഗിന് ,ഷാജിക്കെതിരായ നടപടികളെ പ്രതിരോധിക്കാനാവുന്നില്ല. ഇ.ഡി അന്വേഷണത്തിലിപ്പോൾ പരസ്യപ്രസ്‌താവനകൾ വേണ്ടെന്ന നിലപാടിലാണ് നേതൃത്വം. അതേസമയം ഷാജിക്കെതിരായ വിജിലൻസ് നീക്കവും, ഖമറുദ്ദീനെതിരായ പൊലീസ് നടപടിയും രാഷ്ട്രീയപ്രേരിതമെന്ന നിലയിൽ പ്രതിരോധിക്കും.കമറുദ്ദീന്റേത് നിക്ഷേപത്തട്ടിപ്പല്ല,​ ബിസിനസിലെ തകർച്ചയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കും. ഖമറുദ്ദീനെതിരെ പാർട്ടി തലത്തിൽ നടപടിയുണ്ടാവില്ല. ഇതു സർക്കാർ നീക്കങ്ങൾ അംഗീകരിക്കുന്നതിന് തുല്യമാവുമെന്ന് നേതൃത്വം വിലയിരുത്തുന്നു.

പതറില്ല നേരിടും:കുഞ്ഞാലിക്കുട്ടി

രാഷ്ട്രീയ പ്രേരിതമായ കേസുകൾ കണ്ട് പതറുന്ന പാർട്ടിയല്ല മുസ്‌ലിം ലീഗെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. യു.ഡി.എഫ് നേതാക്കൾക്കെതിരായ പ്രതിപ്പട്ടിക തയ്യാറാക്കി പൊലീസിന് നൽകുകയാണ് സർക്കാർ. പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ നേരിടുമെന്നതിൽ സംശയം വേണ്ട. സ്വർണക്കടത്ത്, ലഹരി കേസുകളെ പ്രതിരോധിക്കാനാണ് സർക്കാർ ശ്രമം. രണ്ട് കേസുകളും തമ്മിലെ വ്യത്യാസം ജനം വിലയിരുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.