ഒറ്റപ്പാലം: സർവശക്തിയും ഉപയോഗിച്ച് നഗരസഭ ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ് ഇടതു-വലതു മുന്നണികൾ. കരുത്തുകാട്ടാൻ ബി.ജെ.പിയുടെ നേതൃത്വത്തിൽ എൻ.ഡി.എയും കച്ചമുറുക്കിയിറങ്ങുമ്പോൾ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ഒറ്റപ്പാലത്ത് തീപാറുമെന്നുറപ്പായി. മുന്നണിക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ച് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ച് രംഗത്ത് ഇറങ്ങാനുള്ള ഒരുക്കത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും.
സി.പി.ഐയുമായുള്ള സീറ്റ് വച്ചുമാറലിലെ തർക്കമാണ് എൽ.ഡി.എഫിന് തലവേദനയായതെങ്കിൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് യു.ഡി.എഫിന് ആദ്യഘട്ടത്തിൽ തിരിച്ചടിയായത്. ഇതോടെ ഇരുമുന്നണികളുടെയും സ്ഥാനാർത്ഥി പ്രഖ്യാപനവും വൈകി. നിലവിലെ നഗരസഭ ചെയർമാൻ സി.എൻ.നാരായണൻ നമ്പൂതിരിയടക്കം പ്രമുഖർ മത്സരിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. വനിതാ സംവരണ വാർഡുകളിൽ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താൻ കഴിയാത്തതാണ് മുന്നണികളുടെ സ്ഥാനാർത്ഥി പട്ടിക വൈകുന്നതിനുള്ള മറ്റൊരു പ്രധാന കാരണം. 50% സ്ത്രീ സംവരണം പാലിക്കാൻ പല വാർഡുകളിലും യോഗ്യരായവരെ കണ്ടെത്തുക വെല്ലുവിളിയായിരുന്നതായി മുന്നണി നേതൃത്വം തന്നെ സമ്മതിക്കുന്നുണ്ട്. ഒറ്റപ്പാലം നഗരസഭയിൽ ബി.ജെ.പി ഇതിനോടകം ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസ്, ശിവസേന എന്നിവർക്ക് സീറ്റുനൽകി എൻ.ഡി.എ ശക്തമായ മത്സരത്തിനാണ് ഒരുങ്ങുന്നത്.
ആകെ 36 വാർഡുകളാണുള്ളത്. കഴിഞ്ഞ തവണ ഇടതുപക്ഷത്തിനായിരുന്നു ഭരണം. ബി.ജെ.പി ഏഴ് സീറ്റ് നേടിയപ്പോൾ യു.ഡി.എഫ് പത്തിലധികം സീറ്റ് നേടി കരുത്തറിയിച്ചു. കൂടാതെ സി.പി.എം വിമതരും വിജയിച്ച് നഗരസഭയിലെത്തിയതോടെ പ്രതിപക്ഷത്തിന് കരുത്തുകൂടി. ഇതോടെ പലപ്പോഴും എൽ.ഡി.എഫ് ഭരണമുന്നണി പ്രതിസന്ധിയിലകപ്പെട്ടു. അതുകൊണ്ട് തന്നെ വ്യക്തമായ ആധിപത്യം നേടി തുടർ ഭരണം ഉറപ്പാക്കാനുള്ള തന്ത്രങ്ങളാണ് എൽ.ഡി.എഫ് മെനയുന്നത്. മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കാൻ എല്ലാ പാർട്ടികളും ശ്രമിച്ചിട്ടുണ്ട്. പാർട്ടി വിട്ട് വന്നവരും സ്ഥാനാർത്ഥികളായുണ്ട്. അതിനാൽ ഇത്തവണ കടുത്ത പോരാട്ടത്തിനാണ് ഒറ്റപ്പാലം സാക്ഷ്യം വഹിക്കുക.