തേഞ്ഞിപ്പലം: ബന്ധുവീട്ടിൽ വിരുന്നിന് പോകവേ ദേശീയപാത കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപം ബുള്ളറ്റും ടാങ്കർലോറിയും കൂട്ടിയിടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം. വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ (25), ഭാര്യ ഫാത്തിമ ജുമാന (19) എന്നിവരാണ് മരിച്ചത്. 10 ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
ശനിയാഴ്ച രാവിലെ പത്തോടെ ഫാത്തിമ ജുമാനയുടെ ചേലേമ്പ്രയിലെ പിതൃസഹോദരിയുടെ വീട്ടിലേക്ക് വിരുന്നിന് പോവുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ചേലേമ്പ്ര സ്പിന്നിംഗ് മില്ലിന് സമീപം ഒരു ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി എതിരെ വന്ന ടാങ്കർലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. ലോറി സലാഹുദ്ദീന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. സലാഹുദ്ദീൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഫാത്തിമ മരിച്ചത്. റിയാദിൽ അക്കൗണ്ടന്റായ സലാഹുദ്ദീൻ വിവാഹത്തിനായാണ് ഒരുമാസം മുമ്പ് നാട്ടിലെത്തിയത്. അടുത്തമാസം തിരിച്ചുപോവാനിരിക്കുകയായിരുന്നു.
ചേലേമ്പ്ര ഇളന്നുമ്മൽ കുറ്റിയിൽ അബ്ദുൾ നാസറിന്റെ മകളാണ് ഫാത്തിമ ജുമാന. മാതാവ് ഷഹർബാനു. സഹോദരങ്ങൾ: സൽമാനുൽ ഫാരിസ്, മുഹമ്മദ് ആദിൽ.
പെരുവള്ളൂർ പേങ്ങാട്ടുകുണ്ടിനടുത്ത് ചേലക്കോട് മുഹമ്മദ്-ഷെരീഫ ദമ്പതികളുടെ മകനാണ് സലാഹുദ്ദീൻ. സഹോദരങ്ങൾ: സിറാജുദ്ദീൻ, ദിൽഷാദ്, സമ്മാസ്. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിക്കും.