കൊല്ലങ്കോട്: മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമടയിൽ കഴിഞ്ഞ തവണ വൈകിയെത്തിയ മാങ്ങ സീസൺ ഇത്തവണ ഒരുമാസം മുമ്പേ എത്തി. അനുകൂല കാലാവസ്ഥയായതോടെ പല മാന്തോപ്പുകളിലും മാമ്പൂ വിരിഞ്ഞു തുടങ്ങി. വളരെ പ്രതീക്ഷയോടെയാണ് കർഷകരും കച്ചവടക്കാരും ഈ മാങ്ങ സീസണെ വരവേൽക്കാൻ ഒരുങ്ങുന്നത്.
മാവ് പൂത്ത് 45 ദിവസത്തിനകം ഉണ്ണികൾ വരുകയും അടുത്ത 45 ദിവസത്തിനകം മാങ്ങ പറിക്കാൻ പാകമാകുകയും ചെയ്യും. ഇതുപ്രകാരം ഡിസംബർ രണ്ടാം വാരത്തോടെ കയറ്റുമതിക്കായി മാങ്ങ ഷെഡുകൾ തുറക്കും.
രാജ്യത്ത് ആദ്യം പാകമാകുന്ന മാങ്ങ എന്ന നിലയിൽ മുതലമട മാങ്ങയ്ക്ക് ഡൽഹി, ഇൻഡോർ, അഹമ്മദാബാദ്, മുംബൈ, കൊൽക്കത്ത തുടങ്ങിയ വിപണികളിൽ നല്ല സ്വീകാര്യതയും വിലയും ലഭിക്കാറുണ്ട്.
കഴിഞ്ഞ സീസണിൽ ഇലപ്പേൻ ശല്യം മൂലം വൻ ഉല്പാദന നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. ഇലപ്പേനിനെ അതിജീവിച്ചു വളർന്ന മാങ്ങകൾക്കു ഫെബ്രുവരിയിലും മാർച്ചിലെ ആദ്യ പകുതിയിലും നല്ല വില ലഭിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനം മൂലം നിയന്ത്രണങ്ങൾ വന്നതോടെ വിലയിടിഞ്ഞു. സാധാരണ സീസണുകളിൽ 500 കോടിയോളം വിറ്റുവരവ് ഉണ്ടാകുന്ന സ്ഥാനത്ത് കഴിഞ്ഞ സീസണിൽ 200 കോടി രൂപയുടെ മാത്രം വിറ്റുവരവാണ് ഉണ്ടായത്.
70,000 ടൺ മാങ്ങ
ശരാശരി 70,000 ടൺ മാങ്ങ ഉത്പാദിപ്പിക്കുന്ന മുതലമടയ്ക്ക് കഴിഞ്ഞ സീസണിൽ 35000 ടണ്ണോളം മാത്രമാണ് വിളവെടുക്കാൻ കഴിഞ്ഞത്.
ഇതിൽ 18000 ടണ്ണോളം അയൽ സംസ്ഥാന വിപണികളിലേക്കും 2000 ടൺ വിദേശത്തേക്കും കയറ്റിയയച്ചു.
കൊവിഡ് നിയന്ത്രണം വന്ന് ചരക്കുനീക്കം സ്തംഭിച്ചതിനാൽ സംസ്ഥാനത്തിനകത്തു മാത്രം 15000 ടൺ കച്ചവടം നടന്നു.
സാധാരണ നിലയിൽ നടക്കാത്ത കച്ചവടമാണ് സംസ്ഥാനത്തിനകത്ത് നടന്നതെങ്കിലും വിലക്കുറവിൽ മാങ്ങ നൽകിയതിനാൽ കച്ചവടക്കാർക്ക് അതിന്റെ ഗുണം ലഭിച്ചില്ല.
7,500 ഹെക്ടറിൽ കൃഷി
മുതലമടയിലും സമീപ പഞ്ചായത്തുകളിലുമായി 7500 ഹെക്ടറിലധികം സ്ഥലത്ത് മാവ് കൃഷിയുണ്ട്.
പറമ്പിൽ മാവ് വച്ചത് മാത്രമാണ് കൃഷിഭവൻ കണക്കിലെടുക്കുന്നതെന്നതിനാൽ ഔദ്യോഗിക കണക്കിൽ ഇത് കുറവാണ്.
മാവ് കൃഷിയിൽ 2500ലധികം കർഷകർ വ്യാപൃതരാണ്. 1000ലധികം കച്ചവടക്കാരും 10000 തൊഴിലാളികളും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്.
ഇവർക്കെല്ലാം പ്രതീക്ഷ നൽകുന്ന സീസണാണ് വരാനിരിക്കുന്നത്.