sabair

മലപ്പുറം: കോടികൾ വിലയുള്ള ഫാൽക്കൺ പക്ഷികൾ അറബി നാട്ടിലാണെങ്കിലും,​ അവിടത്തെ രാജകുടുംബാംഗങ്ങൾപോലും മാർഗനിർദ്ദേശങ്ങൾക്കായി വിളിക്കുന്നത് കേരളത്തിലേക്ക്. കുവൈറ്റ് അമീറിനായാലും യു.എ.ഇ രാജകുടുംബാംഗങ്ങൾക്കായാലും തിരൂർ വാണിയന്നൂർ സ്വദേശി സുബൈർ മേടമ്മലിന്റെ ഉപദേശം വേണം.

കുവൈറ്റ് അമീർ സ്റ്റഫ് ചെയ്ത് സമ്മാനിച്ച ഫാൽക്കൺ ഇതിനു തെളിവ്. നാല് കോടിരൂപ വിലയുള്ള അപൂർവയിനത്തിൽപ്പെട്ട ഫാൽക്കൺ 2010ൽ ഒരപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതോടെ കൊട്ടാരത്തിൽ സ്റ്റഫ്ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഫാൽക്കണുകളെ മാത്രം ചികിത്സിക്കുന്ന ദുബായിലെ ആശുപത്രിയിൽ പരിചാരകന്റെ ജോലിയെങ്കിലും കിട്ടാനായി അപേക്ഷിച്ച് നിരാശനായി മടങ്ങിയ യുവാവിനെയിപ്പോൾ പല രാജ്യങ്ങളും ഫാൽക്കണെക്കുറിച്ചറിയാൻ ക്ഷണിക്കുകയാണ്, .

കടം വീട്ടാനുള്ള വഴി തേടിയാണ് സുബൈർ 1994ൽ ദുബായിലെത്തിയത്. ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ധൈര്യത്തിൽ ഫാൽക്കൺ ആശുപത്രിയിലെ ജർമ്മൻ ഡോക്ടറെ കണ്ടെങ്കിലും ഉയർന്ന യോഗ്യതയുള്ളയാളെ വേണ്ടെന്നായിരുന്നു മറുപടി. സ്വീപ്പർ ജോലിയെങ്കിലും യാചിച്ചെങ്കിലും കിട്ടിയില്ല. അതോടെയാണ് ഫാൽക്കണുകളെക്കുറിച്ചു പഠിച്ച് ജോലി നേടണമെന്ന് മനസിലുറപ്പിച്ചത്.

നാട്ടിലെത്തി പ്ലസ്ടു അദ്ധ്യാപകനായി. കാലിക്കറ്റ് സർവകലാശാലയിൽ ഫാൽക്കണുകളെക്കുറിച്ച് ഗവേഷണം തുടങ്ങി. ജോലി നിരസിച്ച ആശുപത്രിയുടെ പടി പിന്നീട് കയറിയത് ഗവേഷകനായി.

2004ൽ ഫാൽക്കണുകളെ കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടുന്ന ആദ്യ ഏഷ്യക്കാരനായി.

കാലിക്ക​റ്റ് സർവകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗം അസി.പ്രൊഫസറാണിപ്പോൾ. യു.എ.ഇ ഫാൽക്കണേഴ്സ് ക്ലബിൽ അംഗത്വമുള്ള അറബിയല്ലാത്ത ഏകവ്യക്തി. ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് ഫാൽക്കൺസിലും അമേരിക്കൻ ഫാൽക്കൺ ക്ലബിലും അംഗത്വമുള്ള ഏക മലയാളി. മൂന്ന് ഭാഷകളിൽ പുസ്തകങ്ങളെഴുതി. ഫാൽക്കണുകളുടെ ജീവിതം ഡോക്യുമെന്ററിയുമാക്കി. 2005ൽ falconpedia.com എന്ന വെബ്സൈറ്റും തുടങ്ങി.

ദുബായി കീരിടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദിന്റെ കൊട്ടാരത്തിലെത്തി ഫാൽക്കണുകളുടെ 15തരം ശബ്ദങ്ങൾ റെക്കാഡ് ചെയ്തു. വളവന്നൂർ ബഫഖി യത്തീംഖാന ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക സജിതയാണ് ഭാര്യ. മക്കൾ:ആദിൽ, അമൽ, അൽഫ.


ഫാൽക്കണുകൾ

4-5കോടി രൂപ വരെയാണ് വില.

പറക്കുന്ന വേഗത 350 കിലോമീ​റ്റർ വരെ

അറബ് ഹണ്ടിംഗ് ഷോയിൽ ജേതാവാകുന്ന ഫാൽക്കണ് സമ്മാനം 10 കോടി രൂപ

അറുപത് ഇനങ്ങളുണ്ട്. വംശനാശഭീഷണി നേരിടുന്നു

2002 മുതൽ സ്വന്തമായി പാസ്പോർട്ട് ആവശ്യമായ പക്ഷി
പാസ്‌പോർട്ടിലെ വിവരങ്ങളടങ്ങിയ ചിപ്പ് ശരീരത്തിൽ

ആശുപത്രിയിൽ ഫാൽക്കണുകൾക്ക് കിട്ടുന്ന പരിചരണവും ഉടമകളുടെ അതീവശ്രദ്ധയും സ്‌നേഹവുമാണ് ഇതിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.

-ഡോ. സുബൈർ മേടമ്മൽ