unt
ഉന്തുവണ്ടി വലിക്കുന്ന മാമുട്ടി

പൊന്നാനി: കത്തുന്ന നട്ടുച്ച വെയിലിൽ വിയർത്തൊലിച്ച് നഗ്നപാദനായി പൊന്നാനിയുടെ തിരക്കേറിയ നഗര വീഥിയിലൂടെ ഉന്തുവണ്ടി വലിച്ചുപോകുന്നൊരു മനുഷ്യൻ കഠിനാധ്വാനത്തിന്റെ പര്യായമാകുകയാണ്. ചരക്കുനീക്കം യന്ത്രങ്ങൾക്ക് വഴിമാറിയ പുതിയ കാലത്ത് മനുഷ്യാധ്വാനത്തിന്റെ അതിശയിപ്പിക്കുന്ന കാഴ്ച്ചകളിലൊന്നായി മാറുകയാണ് ചരക്ക് നിറച്ച ഉന്തുവണ്ടിയുമായി അതിവേഗം പോകുന്ന മാമുട്ടിയെന്ന പൊന്നാനിക്കാരൻ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പൊന്നാനിയുടെ റോഡിൽ ബസ്സിനും കാറിനും ചരക്കു വാഹനങ്ങൾക്കുമൊപ്പം മാമുട്ടിയുടെ ഉന്തുവണ്ടിയുമുണ്ട്. കൂടെയുണ്ടായിരുന്നവരൊക്കെ ഈ മേഖലയിൽ നിന്ന് വിട്ടൊഴിഞ്ഞെങ്കിലും മാമുട്ടി ഇന്നും പഴയ വേഗതയിലും ഉത്സാഹത്തിലും റോഡിലുണ്ട്.

ചരക്ക് നിറച്ച ഉന്തുവണ്ടിയുമായുള്ള അതിവേഗ സഞ്ചാരമാണ് മമുട്ടിയെ ശ്രദ്ധേയനാക്കുന്നത്. സൂപ്പർ ഫാസ്റ്റ് ബസ് എന്നാണ് പൊന്നാനിക്കാർ മാമുട്ടിയെ വിശേഷിപ്പിക്കുന്നത്. പലചരക്ക് മൊത്ത വ്യാപാര കേന്ദ്രമായ വണ്ടിപ്പേട്ടയിൽ നിന്ന് പൊന്നാനിയുടെ വിവിധ ഭാഗങ്ങളിലേക്കാണ് മാമുട്ടിയുടെ ഉന്തുവണ്ടിയിലുള്ള ചരക്ക് നീക്കം. ഒരുകിന്റലിന്റെ 20 ചാക്കുകൾ വരെ ഒറ്റട്രിപ്പിലുണ്ടാവും. പത്ത് കിലോമീറ്റർ ദൂരത്തേക്ക് പോലും ചരക്കെത്തിക്കും. ഒരു ദിവസം മൂന്ന് തവണ ചരക്കുമായി പോവും.

തലക്കു മേലെ കത്തുന്ന വെയിലും താഴെ ചുട്ടുപൊള്ളുന്ന റോഡും മാമുട്ടിയുടെ ചരക്ക് യാത്രക്ക് തടസ്സമാകാറില്ല. വണ്ടി വലിക്കുമ്പോൾ മാമുട്ടി ചെരിപ്പ് ധരിക്കില്ല. വേഗത്തിൽ വണ്ടി വലിക്കുന്നതിന് തടസ്സമാകുമെന്നതിനാലാണ് ചെരിപ്പ് ഒഴിവാക്കുന്നത്. റോഡിലെ ചൂട് മാമുട്ടിയുടെ കാൽപാദങ്ങളെ ഇതുവരെ ചുട്ടുപൊള്ളിച്ചിട്ടില്ല. റോഡിലെ ഹമ്പുകൾ മാത്രമാണ് നേരിയ പ്രശ്നമാകാറുള്ളത്. മാമുട്ടിയുടെ ചരക്കുവണ്ടി വരുന്നത് കണ്ടാൽ ഹമ്പിനടുത്തുള്ള കച്ചവടക്കാർ സഹായത്തിനെത്തും. ട്രാഫിക് സിഗ്നലിലും തിരക്കേറിയ ഭാഗങ്ങളിലും തന്മയത്തത്തോടെയാണ് മാമുട്ടി ഉന്തുവണ്ടിയെ നിയന്ത്രിക്കുക.

ചരക്കെത്തിക്കാൻ മാമുട്ടിയുടെ ഉന്തുവണ്ടിയെ ആശ്രയിക്കുന്ന സ്ഥിരം കച്ചവടക്കാരുണ്ട്. അതിനവർക്ക് കാരണങ്ങളുണ്ട്. ചരക്കുകൾ കൃത്യമായി ഇറക്കിവെക്കുകയും അട്ടിയിടുകയും ചെയ്ത ശേഷമെ മാമുട്ടി തിരിച്ചു പോകാറുള്ളൂ. മിതമായ കൂലിയെ വാങ്ങിക്കാറുള്ളൂ. സംസാരിച്ചു നിന്ന് സമയം കളയാൻ മാമുട്ടി നിന്നു കൊടുക്കില്ല. അടുത്ത ചരക്കുനീക്കത്തിന് വന്നതിനേക്കാൾ വേഗത്തിൽ തിരിച്ചു പോകും. മൂന്ന് വട്ടം ഒരേ ദിശയിലേക്ക് ചരക്കുമായി പോകും.

ചരക്കുമായുള്ള മാമുട്ടിയുടെ ഉന്തുവണ്ടി യാത്രക്ക് ചില പ്രത്യേകളുണ്ട്. ബസ്സോടിക്കുന്ന പോലെയാണ് മാമുട്ടി ഉന്തുവണ്ടി വലിക്കുക. സ്റ്റിയറിംഗ് തിരിക്കുന്നതായും ഗിയർ മാറ്റുന്നതായും കൈകൊണ്ട് ആക്ഷൻ കാണിച്ചാണ് വണ്ടി മുന്നോട്ടുപോകുക. വായ കൊണ്ട് ഹോൺ ശബ്ദം മുഴക്കും. മാമുട്ടിയുടെ വരവ് കാഴ്ച്ചക്കാർക്കും ആസ്വാദനാണ്.

ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനുള്ള കഠിനാധ്വാനത്തിന്റെ മൂർത്തതയാണ് ഉന്തുവണ്ടിയിലുള്ള ചരക്കുനീക്കത്തിലൂടെ മാമുട്ടി പ്രകടമാക്കുന്നത്. കാളവണ്ടിയുടെ കുടമണി കിലുക്കം അന്യമായ ചരക്കുനീക്കത്തിന് പിന്നാലെ ഉന്തുവണ്ടിയും അപ്രത്യക്ഷമാവുകയാണ്. ഈ മേഖലയിലെ അവസാന കണ്ണികളിലൊരാളായി മാമുട്ടി മാറുകയാണ്. പൊന്നാനി ഹിളർപള്ളിക്കടുത്താണ് മാമുട്ടിയുടെ താമസം.