മലപ്പുറം: സംസ്ഥാനത്ത് ജനുവരി 2019 ന് ശേഷം ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കൃത്യമായ ചെലവുകൾ സമർപ്പിക്കാത്ത സ്ഥാനാർഥികളെ അയോഗ്യരാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്. ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന ഉപതിരെഞ്ഞെടുപ്പുകളിൽ ചെലവ് കണക്കുകൾ സമർപ്പിക്കാതിരിക്കുകയോ പരിധിയിലധികം തുക ചെലവഴിക്കുകയോ ചെയ്തവർക്കാണ് അഞ്ച് വർഷത്തേക്ക് മത്സര വിലക്കേർപ്പെടുത്തി ഉത്തരവായത്.
തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച് കമ്മീഷൻ അയച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാത്ത സ്ഥാനാർഥികൾക്കാണ് 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 33 ാം വകുപ്പ് പ്രകാരം അയോഗ്യത പ്രഖ്യാപിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ അയോഗ്യരായവർക്ക് അഞ്ച് വർഷത്തേക്ക് മത്സരിക്കാനാവില്ല. ഇത് പ്രകാരം ജില്ലയിലെ കാവനൂർ പഞ്ചായത്തിലെ ഇളയൂരിലെ നാല് സ്ഥാനാർത്ഥികളെയും പുൽപ്പറ്റ പഞ്ചായത്തിലെ തൊട്ടേക്കാട്, ആലിപ്പറമ്പ് പഞ്ചായത്തിലെ വട്ടപ്പറമ്പ്, മങ്കട പഞ്ചായത്തിലെ കോഴിക്കോട്ട് പറമ്പ് എന്നിവിങ്ങളിലെ ഓരോ സ്ഥാനാർത്ഥികളുമാണ് അയോഗ്യരായത്. അയോഗ്യരാക്കിയവരിൽ ഭൂരിഭാഗവും വനിതകളാണ്.
ജില്ലയിൽ 2019 ഫെബ്രുവരിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 84.39 ശതമാനം പോളിംഗ് രേഖപ്പെടുത്തി മുന്നിട്ടുനിന്ന കാവന്നൂർ പഞ്ചായത്തിലെ ഇളയൂരിലെ നാല് സ്ഥാനാർത്ഥികളെയാണ് കമ്മീഷൻ അയോഗ്യരാക്കിയത്. പുൽപ്പറ്റ പഞ്ചായത്തിലെ തൊട്ടേക്കാട് കഴിഞ്ഞ ഡിസംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥിയാണ് അയോഗ്യത നേടിയ മറ്റൊരാൾ. കഴിഞ്ഞ വർഷം ജൂണിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ആലിപ്പറമ്പ് പഞ്ചായത്തിലെ വട്ടപ്പറമ്പ്, സെപ്തംബറിൽ നടന്ന മങ്കട പഞ്ചായത്തിലെ കോഴിക്കോട്ട് പറമ്പ് എന്നിവിങ്ങളിലെ ഓരോ സ്ഥാനാർത്ഥകളും അയോഗ്യരായിട്ടുണ്ട്.