sambar

സാമ്പാർ മുന്നണിയോ, ആദ്യം കേട്ടവർക്കൊന്നും കാര്യം പിടികിട്ടിയിരുന്നില്ല. കഴിഞ്ഞ തദ്ദേശ തിര‌ഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ശരിക്കും പിടികിട്ടിയത് യു.ഡി.എഫിനാണ്. മലപ്പുറത്തിന്റെ ചരിത്രത്തിലാദ്യമായി 37 പഞ്ചായത്തുകളുടെ ഭരണം നഷ്ടമായി. ഇതിൽ പലതും കാലങ്ങളായി അടക്കി ഭരിക്കുന്നവ. കാരണക്കാർ സാമ്പാർ മുന്നണിയും. കോൺഗ്രസും ഇടതുപാർട്ടികളും വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും അടക്കം ആശയങ്ങളിൽ വിഭിന്ന ധ്രുവങ്ങളിലുള്ളവർ അധികാരത്തിനായി ഒന്നിച്ചു. ഇതിന് ജനകീയ മുന്നണിയെന്ന് പേരുനൽകിയിയെങ്കിലും നാട്ടുകാരുടെ മനസിൽ പതിഞ്ഞത് സാമ്പാർ മുന്നണിയായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത സാമ്പാർ മുന്നണി ഇത്തവണയില്ല. മൂന്ന് മുന്നണികളും സ്വന്തം നിലയ്ക്കാണ് മത്സരരംഗത്തുള്ളത്. വെൽഫെയർ പാർ‌ട്ടിയുടെ പിന്തുണയെ ചൊല്ലി യു.ഡി.എഫും എൽ.ഡി.എഫും പരസ്പര ആരോപണങ്ങൾ ഉന്നയിക്കുന്നത് ഒഴിച്ചുനിറുത്തിയാൽ മുന്നണികൾക്ക് പുറത്തുനിന്നുള്ള ബന്ധങ്ങളില്ല. പരസ്പരം കൊണ്ടും കൊടുത്തും ഭരണം നഷ്ടമായ തദ്ദേശസ്ഥാപനങ്ങളിൽ യു.ഡി.എഫ് ബന്ധം തിരിച്ചുകൊണ്ടുവരാനായെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്, മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വങ്ങൾ.

സംസ്ഥാനത്ത് യു.ഡി.എഫിൽ കോൺഗ്രസാണ് വല്യേട്ടനെങ്കിൽ മലപ്പുറത്തെത്തിയാൽ കാര്യം മാറും. വല്യേട്ടൻ പദവി ലീഗ് ഏറ്റെടുക്കും. ഇത് അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വമോ അണികളോ തയ്യാറല്ല. ജില്ലയിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദ് ആഴ്ചയിൽ ഒരിക്കലെങ്കിലും ലീഗിനെതിരെ ഒരുവെടിപൊട്ടിക്കും. കോൺഗ്രസ് അണികളിൽ വല്യേട്ടൻ ആത്മവിശ്വാസം പകർന്നത് കൊണ്ടിരുന്നത് ആര്യാടന്റെ വാക്കുകളായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര്യാടന്റെ തട്ടകമായ നിലമ്പൂരിൽ മകൻ ആര്യാടൻ ഷൗക്കത്ത് പരാജയമറിഞ്ഞതോടെ ആര്യാടൻ അല്‌പം നിശബ്ദനായി. ലീഗ് പിന്നിൽ നിന്ന് കുത്തിയതാണ് ഇടതുസ്വതന്ത്രൻ പി.വി.അൻവറിന്റെ വിജയത്തിലേക്ക് നയിച്ചതെന്ന അടക്കംപറച്ചിൽ കോൺഗ്രസിനുള്ളിലുണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി മുഖ്യധാരയിൽ നിന്ന് വിട്ടുനിൽക്കുകയാണ് ആര്യാടൻ മുഹമ്മദ്. ലീഗിന്റെ മേധാവിത്വം ജില്ലയിൽ പൂർണമായും നടപ്പാവുന്നെന്ന വികാരം കോൺഗ്രസ് അണികൾക്കുമുണ്ട്. തകർന്ന ഇടങ്ങളിൽ പോലും യു.ഡി.എഫ് ബന്ധം പുനഃസ്ഥാപിക്കാനായെന്ന് അവകാശപ്പെടുമ്പോഴും കഴിഞ്ഞ തവണത്തെ സാമ്പാർ മുന്നണി പോലെ അത്ര സജീവമല്ലെങ്കിലും പലയിടങ്ങളിലും മുസ്‌ലിം ലീഗും കോൺഗ്രസും കൊമ്പുകോർക്കുന്നുണ്ട്.

കല്ലുകടിയായി വെൽഫെയർ

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായി അറിയപ്പെടുന്ന വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂട്ടുന്ന നയമാണ് ഇത്തവണ മുസ്‌ലിം ലീഗ് സ്വീകരിച്ചത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പിലും രഹസ്യമായി നടത്തിയ ബന്ധമാണ് ഇത്തവണ പുറത്തായത്. യു.ഡി.എഫിന് പുറത്തുള്ള ഒരുകക്ഷിയുമായും കൂട്ടുകൂടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി വ്യക്തമാക്കിയെങ്കിലും ലീഗ് നേതൃത്വം ഇത് ചെവിക്കൊണ്ടിട്ടില്ല. വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ ലീഗിന്റെ വോട്ടുബാങ്കായ സമസ്തയും രംഗത്തെത്തി. അടുത്തിടെ ലീഗ് നേതൃത്വത്തിന്റെ പല നിലപാടുകൾക്കെതിരെയും സമസ്ത രംഗത്തെത്തിയിരുന്നു. ലീഗിന്റെ ചട്ടുകമായി നിലകൊള്ളേണ്ടെന്ന വികാരം സമസ്ത നേതൃത്വത്തിനും സമസ്തയുടെ അതിരുകവിഞ്ഞ നിയന്ത്രണത്തിൽ വഴങ്ങേണ്ടെന്ന നിലപാട് ലീഗിലെ യുവ നേതൃത്വത്തിനുമുണ്ട്. മുസ്‌ലിം വിഭാഗത്തിന്റെ പൊതുരാഷ്ട്രീയ രൂപമായി വളരാനുള്ള ലീഗിന്റെ ആഗ്രഹത്തിന് സമസ്തയുടെ നിലപാടുകളാണ് തടസമായി നിൽക്കുന്നത്. ജമാഅത്ത് ഒഴികെയുള്ള മുസ്‌ലിം സമുദായ കക്ഷികളെ കൂട്ടിപ്പിടിക്കാൻ ലീഗ് പലവട്ടം ശ്രമിച്ചിട്ടുണ്ട്. സമസ്തയുടെ മുന്നറിയിപ്പുകളിൽ ഇതൊന്നും വേണ്ടവിധത്തിൽ നടപ്പായില്ല. വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയതിലൂടെ കോൺഗ്രസിനും സമസ്തയ്ക്കും കൃത്യമായ സന്ദേശം കൂടിയാണ് മുസ്‌ലിം ലീഗ് നൽകുന്നതെന്ന വിലയിരുത്തലുമുണ്ട്. ഇതിനു പിന്നാലെ ഇടതുസർക്കാരിൽ നിന്ന് പല സഹായങ്ങളും ലഭിച്ചിട്ടുണ്ടെന്ന സമസ്ത അദ്ധ്യക്ഷന്റെ പ്രസ്താവനയും പതിവിൽ നിന്ന് വിഭിന്നമാണ്.

വിവിധ മുസ്‌ലിം കക്ഷികളുമായി ലീഗ് അടുക്കുമ്പോൾ കോൺഗ്രസിനും ചങ്കിടിപ്പേറുന്നുണ്ട്. പാലം വലിക്കുമെന്ന ഭീഷണി പലയിടങ്ങളിലും യു.ഡി.എഫിൽ നിലനിൽക്കുന്നുണ്ട്. ഇത്തരം ഇടങ്ങളിലെല്ലാം ചെറിയ ഭൂരിപക്ഷത്തിനാണ് അധികാരം നഷ്ടപ്പെടുന്നത്. ഈ ഭീഷണി ചെറിയ തോതിലെങ്കിലും ചെറുക്കാൻ വെൽഫെയർ ബന്ധത്തിലൂടെ ലീഗിന് കഴിയും. ജമാ അത്തെ മാദ്ധ്യമങ്ങളുടെ പിന്തുണയും ഉറപ്പാക്കാനാവും. ജമാഅത്ത് വോട്ടുകൾ കൂടുതലുള്ളതും വിജയസാദ്ധ്യതയുമുള്ള സീറ്റുകൾ ആവശ്യപ്പെടുന്ന രീതിയാണ് വെൽഫെയറിന്റേത്. ഒരു തദ്ദേശസ്ഥാപനത്തിൽ ഇത്തരത്തിൽ ഒരു സീറ്റെങ്കിലും നൽകിയാൽ മറ്റ് സീറ്റുകളിലെല്ലാം പിന്തുണ നൽകും. വെൽഫെയർ ബന്ധത്തോട് തുടക്കത്തിൽ തന്നെ മുഖം തിരിഞ്ഞുനിൽക്കുന്നതിനാൽ കോൺഗ്രസിനോട് ശത്രുതാമനോഭാവമാണ് വെൽഫെയർ പാർ‌ട്ടി സ്വീകരിക്കുന്നത്. വെൽഫെയറുമായി പരസ്യമായി കൂട്ടുകൂടാൻ തീരുമാനിച്ച ലീഗിന് തടയിട്ടതും കോൺഗ്രസാൺ്. കോൺഗ്രസ് നി‌ർണായകമായ തദ്ദേശസ്ഥാപനങ്ങളിലൊന്നും യു.ഡി.എഫ് - വെൽഫെയർ കൂട്ടുകെട്ടില്ല. കോൺഗ്രസ് സ്ഥാനാർ‌ത്ഥികൾ മത്സരിക്കുന്ന വാർഡുകളിലെല്ലാം വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളെ നിർ‌ത്തിയിട്ടുണ്ട്. ഫലത്തിൽ ഇടത് സ്ഥാനാർത്ഥികൾക്കാവും നേട്ടം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ഇടഞ്ഞപ്പോൾ മുസ്‌ലിം ലീഗിനായിരുന്നു നഷ്ടമേറെയും. യു.ഡി.എഫ് ബന്ധം മെച്ചപ്പെട്ടതും വെൽഫെയർ പാർട്ടിയുമായുള്ള കൂട്ടും ഇത്തവണ നിലമെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം.