മലപ്പുറം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സാമ്പാർ മുന്നണിയുണ്ടാക്കിയ തിരിച്ചടിയിൽ പാഠമുൾക്കൊണ്ട് ഇത്തവണ യു.ഡി.എഫിൽ ഐക്യം ഊട്ടിയുറപ്പിച്ചെന്നാണ് കോൺഗ്രസ് - മുസ്ലിം ലീഗ് നേതൃത്വങ്ങൾ അവകാശപ്പെടുന്നത്. ജില്ലയിൽ യു.ഡി.എഫിന്റെ പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ.
യു.ഡി.എഫ് സുശക്തം
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിലെ സീറ്റ് വിഭജനം പൂർത്തിയായി. പൊന്മുണ്ടം, കരുവാരക്കുണ്ട് ഒഴികെ മറ്റെല്ലാ തദ്ദേശസ്ഥാപനങ്ങളിലും യു.ഡി.എഫ് ആയാണ് മത്സരിക്കുന്നത്. ഇവിടെ സമവായത്തിന് ശ്രമിച്ചെങ്കിലും സാദ്ധ്യമായില്ല. കഴിഞ്ഞ തവണ 24 തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫ് സംവിധാനത്തിലല്ല മത്സരിച്ചിരുന്നത്. ഇത്തവണ കോൺഗ്രസ്, മുസ്ലിം ലീഗ് നേതൃത്വങ്ങൾ ഇടപെട്ട് പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിച്ചിട്ടുണ്ട്. യു.ഡി.എഫ് കൂടുതൽ ശക്തമാണിപ്പോൾ. 95 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫ് അധികാരത്തിൽ വരും.
പ്രചാരണം തന്നെ വേണ്ട
സത്യത്തിൽ പ്രചാരണത്തിന്റെ തന്നെ ആവശ്യമില്ലാത്ത അവസ്ഥയാണ്. സ്വർണക്കടത്തും അഴിമതിയും ലഹരിക്കേസും മന്ത്രിമാരെ ചോദ്യം ചെയ്യാൻ വിളിക്കലുമൊക്കെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ബാലറ്റ് കിട്ടാൻ കാത്തിരിക്കുകയാണ് വോട്ടർമാർ. കേന്ദ്ര സർക്കാരിന്റെ പൗരത്വ ബിൽ, കാർഷിക ബില്ല് അടക്കമുള്ള നടപടികളും ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. എല്ലാം കൊണ്ടും യു.ഡി.എഫിന് അനുകൂലമായ തരംഗമാണ്.
പുറത്ത് നിന്നുള്ളവർ പുറത്ത്
യു.ഡി.എഫിന് പുറത്തുള്ള ഒരു കക്ഷിയുമായും കൂട്ടുകൂടില്ലെന്ന നിലപാട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വെൽഫെയർ പാർട്ടി സഖ്യത്തിന് ശ്രമിച്ചിരുന്നു. അവർക്ക് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തു. ഇതു കൊണ്ടാവാം കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഇടങ്ങളിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. സി.പി.എമ്മുമായി അവർ പലയിടത്തും കൂട്ടുകൂടുന്നുണ്ട്.