തിരൂരങ്ങാടി: അതാ ലീഗ് മോൻ വരുന്നു.... തെന്നല അറയ്ക്കൽ സ്വദേശി പറമ്പിൽ സെയ്തലവിയെ കണ്ടാൽ നാട്ടുകാർ പറയും. കടുത്ത മുസ്ലിം ലീഗ് പ്രേമമാണ് സെയ്തലവിക്ക് ഈ പേര് നേടിക്കൊടുത്തത്. സഞ്ചരിക്കുന്ന ബൈക്ക് മുതൽ വീട്ടിലെ സാധനസാമഗ്രികളിൽ പോലും ലീഗിന്റെ പതാകയുടെ നിറമായ പച്ചയുണ്ട്.
യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുകയെന്ന പച്ച നിറത്തിലുള്ള എഴുത്തുമായാണ് തന്റെ സ്കൂട്ടറിൽ സെയ്തലവി സഞ്ചരിക്കുന്നത്. മുൻഭാഗത്ത് എഴുത്തിനോടൊപ്പം ലീഗിന്റെ പതാകയും കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നവും പതിച്ചിട്ടുണ്ട്. വശങ്ങളിൽ രാഹുൽഗാന്ധിയുടെയും ശിഹാബ് തങ്ങളുടെയും ചിത്രങ്ങളും.
ബൈക്കിന് മാത്രമല്ല, വീട്ടിലെ സാധനസാമഗ്രികൾക്കും നിറം പച്ചതന്നെ. പച്ചപെയിന്റാണ് വീടിന്റെ ഗേറ്റിന്. വീടിന്റെ പേര് ഗ്രീൻഹൗസ്. കസേര മുതൽ വീടിന്റെ ഓട് വരെ പച്ച നിറത്തിലാണ്. കുടുംബാംഗങ്ങൾക്ക് വസ്ത്രമെടുക്കുമ്പോൾ പോലും പച്ച നിറത്തോട് പ്രത്യേക മമതയുണ്ട്.
ചെറുപ്പം മുതൽ മുസ്ലിംലീഗ് അനുഭാവിയാണ് സെയ്തലവി. 1980 മുതൽ
സൗദി അജ്മാനിൽ ബക്കാല(മസാലക്കട) നടത്തി വരികയാണ് . നിലവിൽ നടത്തിപ്പിന് മറ്റൊരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇടയ്ക്കിടെ പോയി വരും. ഇലക്‌ഷൻ സമയത്ത് നാട്ടിലുണ്ടാവാൻ പ്രത്യേകം ശ്രമിക്കും. വോട്ടിംഗ് മുടക്കാറേയില്ല. ഗൾഫ് ജീവിതത്തിനിടെയാണ് ലീഗ് ഭ്രമം മൂത്തത്. ആ സമയത്ത് പരിചയപ്പെട്ട പ്രദേശവാസിയായ അസീസ് ഹാജിയാണ് ലീഗ് മോൻ എന്ന് പേരിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായില്ല. പാർട്ടിക്കായുള്ള പ്രവർത്തനത്തിലാണ് അദ്ദേഹത്തിന് കൂടുതൽ താത്പര്യം.