മലപ്പുറം: കൊത്തിക്കൊത്തി മുറത്തിൽ വരെ കൊത്തിയെന്ന് പറയും പോലെയാണ് രാഷ്ട്രീയ പാർട്ടികളുടെ റോഡ് ബുക്കിംഗ് അവസ്ഥ. ഗ്രാമീണ റോഡുകൾ മിക്കതും പെയിന്റും കുമ്മായവും ഉപയോഗിച്ച് ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും എഴുതിക്കഴിഞ്ഞതോടെ സംസ്ഥാനപാതയിലേക്ക് വരെ എത്തിയിട്ടുണ്ട് ഈ അനധികൃത കൈയേറ്റം. ഇക്കാര്യത്തിൽ മൂന്നു മുന്നണികളും ഒരുപോലെ മത്സരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും ബുക്ക്ഡ് എന്നെഴുതിയ റോഡുകളെല്ലാം പെയിന്റുപയോഗിച്ച് ചിഹ്നങ്ങളും വോട്ടഭ്യർത്ഥനയും എഴുതുന്ന തിരക്കിലാണ് പാർട്ടി പ്രവർത്തകർ. ഹമ്പുകളിൽ വരെ പെയിന്റടിക്കുന്നുണ്ട്. റോഡിലെ കാഴ്ചകൾ മറയ്ക്കും വിധത്തിൽ ബോർഡുകളും സ്ഥാപിക്കുന്നുണ്ട്. വാഹനങ്ങൾ തീർത്തും കുറയുന്ന രാത്രിസമയങ്ങളിലാണ് പ്രചാരണ എഴുത്തുകൾ അരങ്ങേറുന്നത്. ബുക്ക് ചെയ്ത റോഡുകളെ ചൊല്ലി പാർട്ടി പ്രവർത്തകർ തമ്മിൽ തർക്കങ്ങളും നടക്കുന്നുണ്ട്.
റോഡുകളിലെ അനധികൃത എഴുത്തുകൾ നിറഞ്ഞതോടെ പൊതുമരാമത്ത് വകുപ്പും വൈദ്യുതി തൂണുകളിലെ പ്രചാരണത്തിനെതിരെ കെ.എസ്.ഇ.ബിയും രംഗത്തെത്തിയിട്ടുണ്ട്. പൊതുമുതലായ റോഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചാൽ പ്രദേശത്തെ പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ കേസെടുക്കാനാണ് പൊലീസിന് ലഭിച്ച നിർദ്ദേശം. ഏത് വകുപ്പിന്റെ കീഴിലുള്ള സ്ഥലമാണോ അനധികൃതമായി കൈയേറിയത്, ബന്ധപ്പെട്ട വകുപ്പുകൾ കക്ഷികൾക്ക് നോട്ടീസ് നൽകും. മൂന്നുദിവസത്തിനകം പെയിന്റ് മായ്ച്ചില്ലെങ്കിൽ അവരുടെ പേരിൽ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുക്കാൻ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിർദ്ദേശിച്ചിട്ടുണ്ട്.
പൊതുമുതലായ റോഡുകൾ, സ്ഥലങ്ങൾ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല. ബന്ധപ്പെട്ട വകുപ്പുകൾ പരാതി നൽകുന്നപക്ഷം പൊലീസ് കേസെടുക്കും
യു.അബ്ദുൾ കരീം, ജില്ലാ പൊലീസ് മേധാവി.