aa

നിലമ്പൂർ: കൂട് സ്ഥാപിച്ച് മരപ്പട്ടിയെ പിടികൂടി ഇറച്ചിയാക്കിയ സംഭവത്തിൽ സഹോദരങ്ങളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കരുളായി കൊയപ്പാൻ വളവ് പൂളിക്കുന്ന് കടങ്ങൂർ വീട്ടിൽ കുഞ്ഞുക്കുട്ടൻ (32), സുരേഷ് ബാബു(28) എന്നിവരെയാണ് നിലമ്പൂർ റെയ്ഞ്ച് ഓഫീസർ എം.പി.രവീന്ദ്രനാഥും സംഘവും പിടികൂടിയത്. ര​ഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രി എടവണ്ണ റെയ്ഞ്ച് ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. വീടിന് ചേർന്നുള്ള ആലയ്ക്ക് സമീപം കൂട് സ്ഥാപിച്ചാണ് മരപ്പട്ടിയെ പിടികൂടിയത്. വനം ഷെഡ്യൂളിൽ രണ്ടാംപട്ടികയിലാണ് ഈ ജീവിയുടെ ഇടം.
രണ്ട് കിലോയോളം തൂക്കമുള്ള മരപ്പട്ടിയെയാണ് പ്രതികൾ പിടികൂടിയതെന്ന് വനപാലകർ പറഞ്ഞു.
പാകംചെയ്ത 150 ഗ്രാം ഇറച്ചി ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
പരിശോധന സംഘത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സായി ചന്ദ്രൻ, ജോസ്‌വിൻ പ്രിൻസ് എന്നിവരുമുണ്ടായിരുന്നു.