calicut-university

മലപ്പുറം: പുതുതായി അനുവദിച്ച ന്യൂജനറേഷൻ കോഴ്സുകളുടെ സിലബസ് കോളേജുകളോട് തയ്യാറാക്കാൻ ആവശ്യപ്പെട്ട നടപടി തിരുത്താതെ കാലിക്കറ്റ് സർവകലാശാല. ബിരുദ, ബിരുദാനന്തര വിഭാഗങ്ങളിൽ 62 ന്യൂജെൻ കോഴ്സുകൾ അനുവദിച്ച് നവംബർ അഞ്ചിന് സർക്കാർ ഉത്തരവിറക്കിയിരുന്നു. 23 സർക്കാർ കോളേജുകൾക്കും 36 എയ്ഡഡ് കോളേജുകൾക്കുമാണ് കോഴ്സുകൾ അനുവദിച്ചത്. അ‌ഞ്ചുവർഷം നീളുന്ന ഇന്റഗ്രേറ്റഡ് കോഴ്സുകളുമുണ്ട്. പുതിയ കോഴ്സുകൾ ഈവർഷം തന്നെ ആരംഭിക്കണമെന്ന നിർദ്ദേശം സർക്കാരിൽ നിന്ന് സർവകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ട്.

പുതിയ കോഴ്സുകളുടെ സിലബസ് തയ്യാറാക്കേണ്ടത് ബന്ധപ്പെട്ട പഠന ബോർഡുകളാണ്. അനുവദിച്ച കോഴ്സുകളിൽ ചിലത് സർവകലാശാലയിൽ നിലവിലില്ലാത്തതിനാൽ ഇവയുടെ പഠന ബോർഡുകളും സർവകലാശാലയിലില്ല. പഠനബോർഡുകൾ രൂപവത്കരിച്ച് സിലബസ് തയ്യാറാക്കി കോഴ്സുകൾ തുടങ്ങാൻ കാലതാമസം നേരിടുമെന്നതിനാലാണ് പ്രപ്പോസൽ സമർപ്പിച്ച കോളേജുകളോട് തന്നെ സിലബസുണ്ടാക്കി അക്കാഡമിക് വിഭാഗത്തിന് സമർപ്പിക്കാൻ നിർദ്ദേശിച്ചത്.

വിദഗ്ദ്ധർ ഉൾപ്പെട്ട പഠനബോർഡ് പലവട്ടം ചർച്ച ചെയ്തും മാറ്റങ്ങൾ വരുത്തിയും സിലബസ് തയ്യാറാക്കാൻ സാധാരണഗതിയിൽ സമയമെടുക്കാറുണ്ട്. തുടർന്ന് ഫാക്കൽറ്റിയും അക്കാ‌‌ഡമിക് കൗൺസിലും ഇതംഗീകരിക്കണം. കോളേജുകളെ ഏ‍ൽപ്പിക്കുന്നതിലൂടെ വേഗത്തിൽ സിലബസ് തയ്യാറാക്കാനാവുമെന്ന കണക്കൂകൂട്ടലിലാണ് സർവകലാശാല. അതേസമയം,​ ഇത് പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

കോളേജുകൾ തയ്യാറാക്കുന്ന സിലബസ് ആവശ്യമായ പരിശോധനയ്ക്ക് ശേഷം അക്കാ‌ഡമിക് കൗൺസിലിൽ സമർപ്പിച്ചാവും അംഗീകാരം നേടുക

കാലിക്കറ്റ് സർവകലാശാല അധികൃതർ