ponnani
കോയക്കുട്ടി

പൊന്നാനി: സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് പൊന്നാനി നഗരസഭയിലെ മുപ്പതാം വാർഡിൽ കോൺഗ്രസ് ബ്ലോക്ക് സീനിയർ വൈസ് പ്രസിഡന്റ് വിമത സ്ഥാനാർത്ഥിയായി രംഗത്ത്. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കൂടിയായ പി.കോയക്കുട്ടിയാണ് കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയത്. ബൂത്ത് കമ്മിറ്റിയെ കബളിപ്പിച്ച് ഏകപക്ഷീയമായാണ് മുപ്പതാം വാർഡിൽ സ്ഥാനാർത്ഥി നിർണ്ണയം നടത്തിയതെന്ന് കോയക്കുട്ടി കുറ്റപ്പെടുത്തി. 2015ലെ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്ന തന്നെ ഇത്തവണ സീറ്റ് നൽകാമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഉറപ്പിലാണ് മാറ്റിനിറുത്തിയത്. എന്നാൽ കോൺഗ്രസ് നേതൃത്വം വാക്കുപാലിച്ചില്ല. കൃത്രിമമായി വാർഡ് കമ്മിറ്റി ചേർന്നാണ് ഇപ്പോഴത്തെ സ്ഥാനാർത്ഥിയെ തീരുമാനിച്ചിരിക്കുന്നത്. നേതൃത്വത്തിന്റെ രാഷ്ട്രീയ നെറികേടിൽ പ്രതിഷേധിച്ചാണ് മത്സര രംഗത്തിറങ്ങുന്നതെന്ന് കോയക്കുട്ടി പറഞ്ഞു.

പി ഹസൻകോയയാണ് മുപ്പതാം വാർഡിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി. തൊട്ടടുത്ത മുപ്പത്തിരണ്ടാം വാർഡിലെ സ്ഥാനാർത്ഥിയായിരുന്നു ഹസൻകോയ. ഇവിടെ ഹസൻകോയയുടെ ഭാര്യ ഷബ്നയാണ് ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി. പരിചയസമ്പന്നരും യുവാക്കളുമായ നിരവധി പേർ സ്ഥാനാർത്ഥികളാകാൻ യോഗ്യരായി ഉണ്ടെന്നിരിക്കെ ദമ്പതികൾക്ക് ഒരേ സമയം മത്സരിക്കാൻ വാർഡ് നൽകിയ നേതൃത്വത്തിന്റെ നടപടിയെയും കോയക്കുട്ടി ചോദ്യം ചെയ്യുന്നു.

സേവാദൾ ജില്ലാ ഭാരവാഹി കൂടിയായ കോയക്കുട്ടിക്കു വേണ്ടി സേവാദൾ പൊന്നാനി മണ്ഡലം കമ്മിറ്റി നേരത്തെ സീറ്റ് ആവശ്യപ്പെട്ടിരുന്നു. സേവാദൾ പ്രവർത്തകർക്കുവേണ്ടി രണ്ട് സീറ്റാണ് ആവശ്യപ്പെട്ടിരുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ നേതൃത്യത്തിന്റെ തെറ്റായ നടപടി തിരുത്തിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വവുമായി മുന്നോട്ടു പോകുമെന്ന് കോയക്കുട്ടി പറഞ്ഞു.

മുപ്പതാം വാർഡിലെ ഔദ്യോഗിക സ്ഥാനാർത്ഥി ഹസൻ കോയയും വിമത സ്ഥാനാർത്ഥിയായി രംഗത്തുള്ള കോയക്കുട്ടിയും ദീർഘകാലം അദ്ധ്യാപന മേഖലയിൽ സഹപ്രവർത്തകരായിരുന്നു. പൊന്നാനി എം ഐ ഹയർ സെക്കണ്ടറി സ്‌ക്കൂളിലെ അദ്ധ്യാപകരായിരുന്നു ഇരുവരും. കോയക്കുട്ടി മാസ്റ്റർ വിരമിച്ചു. ഹസൻ കോയ ഇപ്പോഴും തുടരുന്നു.

മുപ്പതാം വാർഡിൽ മറ്റൊരു വിമത ഭീഷണി കൂടി നിലനിന്നിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് അനുനയിപ്പിക്കാനായി. കോൺഗ്രസ് കൗൺസിലറായിരുന്ന എം.പി സേതുമാധവൻ മത്സര രംഗത്തിറങ്ങാൻ താൽപര്യം പ്രകടിപ്പിച്ചത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അനിശ്ചിതത്വമുണ്ടാക്കിയിരുന്നു. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനായത് വിമത ഭീഷണി ഒഴിവാക്കുകയായിരുന്നു.