നിലമ്പൂർ: ഏറെ നാളത്തെ ഇടവേളക്കൊടുവിൽ നിലമ്പൂരിലെ തേക്ക് മ്യൂസിയം ബുധനാഴ്ച മുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. കൊവിഡ് വ്യാപന സാഹചര്യത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 15 മുതൽ കേന്ദ്രത്തിൽ പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ തേക്ക് മ്യൂസിയവും ഇതോടനുബന്ധിച്ച ജൈവ വൈവിദ്ധ്യ ഉദ്യാനവും തുറന്നുകൊടുക്കുന്നതിന് ജില്ലാ കളക്ടർ അനുമതി നൽകുകയായിരുന്നു. കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. നിലമ്പൂരിന്റെ ടൂറിസം മേഖലയിലെ ഏറ്റവും പ്രശസ്തമായ തേക്ക് മ്യൂസിയവും ജൈവ വിഭവ ഉദ്യാനവും മാസങ്ങളോളം അടഞ്ഞുകിടന്നത് കേരള വനഗവേഷണ കേന്ദ്രത്തിന് വലിയ വരുമാന നഷ്ടവും വരുത്തിയിരുന്നു. വിനോദസഞ്ചാരികൾക്കുൾപ്പെടെ പ്രവേശനത്തിന് അനുമതി ആയതോടെ ജൈവ വിഭവ ഉദ്യാനത്തിലെ ശലഭ ഉദ്യാനത്തിലെ പൂമ്പാറ്റകളെ കാണാനും അവസരം ഇത്തവണ നഷ്ടപ്പെടില്ലെന്ന് വനഗവേഷണ ഉപകേന്ദ്രം സയന്റിസ്റ്റ് ഇൻചാർജ്ജ് ഡോ.ജി.ഇ. മല്ലികാർജ്ജുന സ്വാമി പറഞ്ഞു. രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയായിരിക്കും പ്രവേശനം അനുവദിക്കുന്നത്.