ponnani
ചാക്ക് തുന്നുന്ന ജോലിയിൽ ഏർപ്പെട്ടവർ

പൊന്നാനി: ചാക്കുനൂലിൽ ജീവിതത്തിന്റെ രണ്ടറ്റം കോർത്തിരുന്ന കുറേ ജീവിതങ്ങൾ ഇന്നിപ്പോൾ പ്രതിസന്ധിയിലാണ്. കാലി ചാക്കിലായിരുന്നു അവർ ജീവിതം നിറച്ചിരുന്നത്. പ്ലാസ്റ്റിക് ചാക്കുകളുടെ വരവ് കാലി ചാക്കുകളെ അപ്രത്യക്ഷമാക്കി. തുന്നാനും കയറ്റി അയക്കാനും ചാക്കുകൾ ഇല്ലാതായതോടെ പരമ്പരാഗതമായി പഠിച്ചെടുത്ത തൊഴിലിനെ കൈയൊഴിയുകയാണ് ചാക്ക് തുന്നലുകാർ.

പത്ത് വർഷം മുമ്പ് വരെ മുഴുവൻ പലവ്യജ്ഞനങ്ങളും വന്നിരുന്നത് ചാക്ക് നൂലുകൊണ്ടുള്ള ചാക്കിലായിരുന്നു. എന്നാൽ ഇന്നത് പ്ലാസ്റ്റിക് ചാക്കുകളിലേക്ക് മാറി. കാലി ചാക്കുകൾ ശേഖരിച്ച് തുന്നിയെടുത്ത് കയറ്റി അയച്ച് ജീവിതം നെയ്തിരുന്ന വലിയൊരു വിഭാഗത്തെയാണ് ഇത് പ്രതിസന്ധിയിലാക്കിയത്. റേഷൻ കടകളിൽ നിന്നു മാത്രമാണ് ഇപ്പോൾ ചാക്കുകൾ ലഭിക്കുന്നത്. അതുതന്നെ ചില ഇനങ്ങളിൽ മാത്രം. മുന്തിയ ഇനം ചക്കുകൾ ലഭിക്കാത്തതിനാൽ അവശ്യക്കാർ കുറവാണ്.

കാലിയായ ചാക്കുകൾ ശേഖരിച്ചിരുന്ന എട്ടോളം യൂണിറ്റുകൾ പൊന്നാനിയിലുണ്ടായിരുന്നു. അറുപതോളം തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. എന്നാൽ ഇന്നത് രണ്ട് യൂണിറ്റായി ചുരുങ്ങി. പത്തിൽ താഴെ പേർ മാത്രമാണ് ഈ മേഖലയിലുള്ളത്. ഇവർക്കു ശേഷം കാലി ചാക്ക് മേഖല പൂർണ്ണമായും ഇല്ലാതാകും. പ്ലാസ്റ്റിക് ചാക്കുകൾ ശേഖരിച്ച് പായ തുന്നി നൽകുന്നതാണ് ഇപ്പോഴത്തെ ഉപജീവന മാർഗ്ഗം. ഇതുകൊണ്ട് കാര്യമായ വരുമാനമില്ല. പഠിച്ച തൊഴിൽ എന്ന നിലയിൽ നിലനിറുത്തി കൊണ്ടുപോവുകയാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.

പഞ്ചസാര, മൈദ, റവ ചാക്കുകൾക്കാണ് ആവശ്യക്കാർ ഏറെയുണ്ടായിരുന്നത്. പത്തു രൂപ വരെ വില കൊടുത്ത് കച്ചവടക്കാരിൽ നിന്ന് വാങ്ങുന്ന ഈ ചാക്കുകൾ ഇരുപത് രൂപ വരെ ഈടാക്കിയാണ് വിൽപ്പന നടത്തിയിരുന്നത്. ചാക്കിലെ കേടുപാടുകൾ തുന്നിയ ശേഷമാണ് ആവശ്യക്കാർക്ക് നൽകിയിരുന്നത്. തിരൂർ തലക്കടത്തൂരിലേക്കാണ് പ്രധാനമായും ചാക്കുകൾ മൊത്തമായി നൽകിയിരുന്നത്. നെല്ല് നിറക്കാനും വളത്തിനുള്ള ഉണക്ക മത്സ്യം നിറക്കാനുമാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.

കാലി ചാക്ക് തൊഴിലാളികളുടെ പിൻമുറക്കാരാരും ഈ മേഖലയിലില്ല. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഇതു കൊണ്ടാകില്ലെന്ന് ഇവർ ഉറപ്പിച്ച് പറയുന്നു. പൊന്നാനിയിൽ കോടതിപ്പടിയിലും അങ്ങാടിപ്പാലത്തിന് സമീപവും മാത്രമാണ് കാലി ചാക്ക് ശേഖരിക്കുന്നവരും തുന്നുന്നവരുമുള്ളത്.മറ്റൊരു ജോലിയും അറിയാത്തതിനാലാണ് ഈ മേഖലയിൽ ശേഷിക്കുന്നവർ ഇതിൽ തുടരുന്നത്.