മലപ്പുറം: മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ നേരത്തെ പറഞ്ഞ ലിസ്റ്റ് തയ്യാറാക്കി രാഷ്ട്രീയമായി കെസെടുക്കുന്ന നടപടിയാണിത്. സി.ആർ.പി.സി വകുപ്പുകൾ നോക്കി നോട്ടീസ് കൊടുത്ത് വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം അറസ്റ്റ് ആവശ്യമില്ലെന്ന് കണ്ട കേസാണിത്. സ്വർണക്കടത്തും ലഹരിയുമടക്കം നിരവധി കേസുകൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വന്നപ്പോൾ അതിനെ ബാലൻസ് ചെയ്യാൻ വേണ്ടി പാലാരിവട്ടം കേസ് കൊണ്ടുവന്നതാണ്. തിരുവനന്തപുരത്ത് രണ്ട്, മൂന്ന് ദിവസമായി യോഗം ചേർന്ന് എങ്ങനെയാണ് അറസ്റ്റ് ചെയ്യാൻ പറ്റുക എന്ന് ആലോചിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.