എടക്കര: ആമസോൺ നദീ തടങ്ങളിൽ കണ്ടുവരുന്ന ആനത്താമരയുമടക്കം പുതിയ രൂപത്തിലും ഭാവത്തിലും നിലമ്പൂരിലെ തേക്ക് മ്യൂസിയം തുറന്നു. കൊവിഡ് വ്യാപനം തുടങ്ങുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ മാർച്ച് 15നാണ് മ്യൂസിയവും അതനോടനുബന്ധിച്ചുള്ള ജൈവ വൈവിധ്യ ഉദ്യാനവും അടച്ചിട്ടത്. കഴിഞ്ഞ ഒന്നാം തിയതി പാർക്കുകളും ബീച്ചുകളും തുറക്കാമെന്ന് സർക്കാരിന്റെ ഉത്തരവ് വന്നിരുന്നെങ്കിലും ജില്ലയിൽ 144 പ്രഖ്യാപിച്ചിരുന്നതിനാൽ മ്യൂസിയം തുറക്കാനുള്ള അനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ 15ന് 144 പിൻവലിച്ചതിനാൽ കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ മ്യൂസിയം തുറക്കാനുള്ള ഉത്തരവ് പുറത്തിറക്കുകയായിരുന്നു. എട്ടുമാസത്തിന് ശേഷമാണ് തേക്ക് മ്യൂസിയം ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുന്നത്. ഓരോ മാസവും ശരാശരി 10 ലക്ഷം രൂപയാണ് മ്യൂസിയത്തിൽ നിന്ന് വരുമാനമുണ്ടായിരുന്നത്.
നിലമ്പൂർ മേഖലയിൽ വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ നിലമ്പൂരിലെ തേക്ക് മ്യൂസിയം കേരള വനം റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ കേന്ദ്രസ്ഥാപനം പ്രവർത്തിക്കുന്ന തൃശൂർ പീച്ചിയിലേതിനേക്കാൾ വലുതാണ് നിലമ്പൂരിലെ കേന്ദ്രം. മ്യൂസിയം കെട്ടിടത്തിന്റെ പിറകിലാണ് വിശാലമായ ജൈവ വൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുള്ളത്. മ്യൂസിയം കെട്ടിടത്തിന്റെ പിറകിൽ ചെറിയ ഒരു കുളത്തിൽ ചെസ് കളിക്കുന്ന രണ്ട് തവളകളുടെ ശിൽപ്പം സഞ്ചാരികളെ ആകർഷിക്കുന്നതാണ്.സഞ്ചാരികൾക്ക് ഏറെ കൗതുകമുണ്ടാക്കുന്ന ആനത്താമര ബംഗളൂരുവിലെ ലാൽബാഗ് പാർക്കിൽ നിന്നാണ് കൊണ്ടുവന്നത്. പച്ച നിറത്തിൽ വലിയ വട്ടത്തിലുള്ള ഇതിന്റെ ഇലകളിൽ അഞ്ച് കിലോയുള്ള കുട്ടികളെ വരെ ഇരുത്താനാവും. ഇലയുടെ അടിഭാഗം മുഴുവൻ മുള്ളുകളാണ്. സാധാരണ താമരപ്പൂക്കൾ വിരിഞ്ഞാൽ കൂടുതൽ ദിവസം നിലനിൽക്കുമെങ്കിൽ ആനത്താമരയുടെ പൂക്കൾ ഒരു ദിവസം മാത്രമാണ് വിരിഞ്ഞാൽ നിൽക്കുക. രാവിലെ വിരിയുമ്പോൾ വെള്ള നിറത്തിലുള്ള പൂക്കളുടെ ഇതളുകൾ വൈകുന്നേരത്തോടെ പിങ്ക് നിറത്തിലേക്ക് മാറും. ഇലകളാണെങ്കിൽ ആദ്യം കടും ചുവപ്പിൽ തുടങ്ങി വളർച്ചയെത്തുമ്പോൾ പച്ച നിറമായി മാറും. തിരുവനന്തപുരത്തെ ജവഹർലാൽ നെഹ്റു ബൊട്ടാനിക്കൽ ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ടിലും ബെംഗളൂരുവിലും നിലമ്പൂരിലും മാത്രമാണ് ഇത്തരത്തിലുള്ള ആനത്താമരയുള്ളതെന്ന് കേന്ദ്രത്തിന്റെ മേധാവി മല്ലികാർജുന സ്വാമി പറഞ്ഞു.
ഔഷധ സസ്യങ്ങൾക്കായുള്ള സ്ഥലത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് വലിയൊരു ആദിവാസി മുത്തശിയുടെ പ്രതിമയും നിർമ്മിച്ചിട്ടുണ്ട്. ചിതറിക്കിടക്കുന്ന മുടിയും വലിയ കമ്മലുമെല്ലാം ശിൽപ്പത്തിന് ചാരുത പകരുന്നുണ്ട്. പാർക്കിലെ ഓരോ മേഖലയും പ്രത്യേകം ചെടികൾക്കായി നീക്കിവെച്ചിരിക്കുകയാണ്. ചിത്രശലഭങ്ങൾക്കായി പ്രത്യേക ഇടം തന്നെ പാർക്കിലൊരുക്കിയിടുണ്ട്. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 15 രൂപയുമാണ് സന്ദർശക നിരക്ക്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കുന്നതിനാൽ 10 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും 60 വയസിന് മുകളിലുള്ളവർക്കും പാർക്കിലേക്ക് പ്രവേശനം അനുവദിക്കില്ല.