scoot
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബൈക്കിൽ അഹമ്മദ് നിഹാനും മുഹമ്മദ് ഇസാനും

തിരൂരങ്ങാടി: ഓൺലൈൻ പഠനം കഴിഞ്ഞ് വീട്ടിൽ വെറുതെയിരിക്കുന്ന മക്കൾക്കും അയൽവാസികളായ കുട്ടികൾക്കും വേണ്ടി എന്തുചെയ്യാമെന്ന ആലോചനയാണ് വേങ്ങര പുത്തനങ്ങാടി സ്വദേശി പന്തപുലാൻ സാജിദിനെ സ്വന്തമായി മോട്ടോർ സൈക്കിൾ നിർമ്മിക്കുന്നതിലേക്ക് എത്തിച്ചത്. ചെമ്മാട് മൊബൈൽ ഷോപ്പിലെ ടെക്നീഷ്യനായ സാജിദ് 12,000 രൂപ ചെലവിൽ രണ്ടുമാസം കൊണ്ട് നിർമ്മിച്ച മോട്ടോർ സൈക്കിൾ കുട്ടികൾക്കിടയിൽ ഹിറ്റായി.

ഡൽഹിയിലെ സൈക്കിൾ റിക്ഷയുടെ 48 വോൾട്ടിലുള്ള മെഷീൻ പാഴ്സലായെത്തിച്ചാണ് നിർമ്മാണം. മുൻവശത്ത് രണ്ടും പിന്നിൽ ഒന്നും ചക്രമുള്ള ബൈക്ക് 15 വയസിന് താഴെയുള്ള രണ്ട് കുട്ടികൾക്ക് ഇരുന്നോടിക്കാം. മുതിർന്നവരെങ്കിൽ ഒരാൾക്കും. ഒരു മണിക്കൂറോളം ചുറ്റിക്കറങ്ങാം. വൈദ്യുതിയുപയോഗിച്ചാണ് പ്രവർത്തനം. സീറ്റീന്റെ അടിയിലുള്ള പ്രത്യേക അറയ്ക്കുള്ളിലാണ് മെഷീൻ. ഹാന്റിൽ, ആ​ക്സിലേറ്റർ, ഹെഡ് ലൈറ്റ്, സ്പീഡ് മീറ്റർ,​ സ്റ്റാർട്ട് ചെയ്യാൻ ചാവി എന്നിവയെല്ലാമുണ്ട്.

ബാറ്ററി ചാർജ് ചെയ്യാൻ രണ്ട് മണിക്കൂറെടുക്കും. എല്ലാ സ്‌കൂട്ടറും മുന്നി​ലേക്കാണ് പോവുന്നതങ്കിൽ ഇത് പിന്നിലേക്കും ഓടിക്കാം. സാജിദിന്റെ മക്കളായ അഹമ്മദ് നിഹാനും മുഹമ്മദ് ഇസാനും അച്ഛന്റെ കണ്ടുപിടിത്തത്തിൽ ഹാപ്പിയാണ്.