mani
മണികണ്ഠൻ

കുറ്റിപ്പുറം: കിണറുകളിൽ ആർട്ട് വർക്ക് നടത്തി ശ്രദ്ധേയനാവുകയാണ് മണികണ്ഠൻ. സാധാരണ കിണറുകളുടെ ആൾമറയിൽ ആരും കലാരൂപങ്ങൾ പരീക്ഷിക്കാറില്ല. സുഹൃത്തായ കടവനാട് സ്വദേശി സുധിയുടെ വീട്ടിൽ നിർമ്മിച്ച കിണറിന്റെ പുറത്ത് മണികണ്ഠൻ ഒരുക്കിയ ആർട്ട് വർക്ക് നവമാദ്ധ്യമങ്ങളിലൂടെ വൈറലാണ്. സുധിയുടെ വീടിനകത്തും മുമ്പ് മണികണ്ഠൻ ചിത്രങ്ങളൊരുക്കിയിരുന്നു. ഇതിന്റെ ഓർമ്മയിലാണ് കിണർ നിർമ്മിച്ചപ്പോൾ മണികണ്ഠനെ ഓർ‌ത്തത്. വീടിന്റെ മുന്നിൽ തന്നെയാണ് കിണറെന്നതിനാലാണ് സൗന്ദര്യവത്കരിക്കാൻ സുധി തീരുമാനിച്ചത്. ആർട്ട് വർക്കിന് വലിയ ചെലവൊന്നുമുണ്ടായില്ലെന്ന് മണികണ്ഠൻ പറയുന്നു.

പലരും സുധിയുടെ വീട്ടിലെത്തി ഇതിന്റെ ഫോട്ടോയെടുക്കുന്നുണ്ട്. പലരും മണികണ്ഠനെ തേടിയുമെത്തുന്നു. സൃഷ്ടി കണ്ട് കർണാടകയിൽ നിന്ന് പോലും വിളിയെത്തി. കൊവിഡ് പ്രശ്നങ്ങൾ കുറഞ്ഞാൽ ചെല്ലാമെന്ന് മണികണ്ഠൻ സമ്മതിച്ചിട്ടുണ്ട്.

സിനിമകളിലും പ്രശസ്തൻ

സിനിമകളിലും ആർട്ട് വർക്ക് ചെയ്തിട്ടുണ്ട് മണികണ്ഠൻ. ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിൽ പ്രിഥിരാജിന് വേണ്ടി സിനിമയിൽ ചിത്രങ്ങൾ വരച്ചു നൽകിയത് ഇദ്ദേഹമാണ്. കൂടാതെ ഹൈദരാബാദിലും മറ്റും പോയി സിനിമകൾക്ക് ആർട്ട് വർക്ക് ചെയ്തിട്ടുണ്ട്. കുന്നംകുളത്തെ സ്വകാര്യ ആർട്ട് കോളേജിൽ നിന്നും ആർട്സിൽ രണ്ടുവർഷത്തെ ഡിപ്ലോമ കോഴ്സ് പൂർത്തീകരിച്ച മണികണ്ഠൻ ചിത്രങ്ങൾ വരയ്ക്കുന്നത് ഇടംകൈ ഉപയോഗിച്ചാണ്. എഴുതാൻ വലംകൈ തന്നെയാണ് ഉപയോഗിക്കുന്നത്.

കുട്ടിക്കാലം മുതലേ ചിത്രംവരയോട് താത്പര്യമുണ്ടായിരുന്നു. കുട്ടികൾക്കായി ഞായറാഴ്ചകളിൽ ചിത്രംവര ക്ലാസുകൾ നടത്തുന്നുണ്ട് . കൊവിഡ് പ്രശ്നങ്ങൾ മൂലം ഇപ്പോൾ ക്ലാസുകൾ കുറവാണ്.

കൊവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുമ്പോൾ കിണറിന്റെ ആൾമറയിലുള്ള കലാസൃഷ്ടി കണ്ട് പലരും വിളിച്ചത് വലിയ അനുഗ്രഹമായി

മണികണ്ഠൻ