vvvvvvvvv
നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനക്കെത്തിയവർക്ക് സാനിറ്റൈസർ നൽകിയും ശരീര ഊഷ്മാവ് പരിശോധിച്ചും ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്ന ഉദ്യോഗസ്ഥർ

മലപ്പുറം: സ്ഥാനാർത്ഥി ചിത്രം വ്യക്തമായതോടെ ഇനി തദ്ദേശപോരിന് വാശിയും വീറുമേറും. പരസ്യ പ്രചാരണം ശക്തമാക്കാനാണ് മുന്നണികളുടെയും സ്ഥാനാർത്ഥികളുടെയും തീരുമാനം. മുന്നണി സംവിധാനം കൂടുതൽ ശക്തമായതിന്റെ ആത്മവിശ്വാസത്തിലും പ്രതീക്ഷയിലുമാണ് യു.ഡി.എഫ്. കോൺഗ്രസ് - മുസ്ലിം ലീഗ് പോരിൽ കഴിഞ്ഞ തവണ 24 തദേശ സ്ഥാപനങ്ങളിലെ ഭരണം നഷ്ടമായെന്നാണ് നേതൃത്വത്തിന്റെ കണക്ക്. രണ്ടിടങ്ങളിലൊഴികെ മറ്റെല്ലാ ഭരണങ്ങളും അധികം നീണ്ടുനിന്നില്ലെങ്കിലും മുന്നണി ബന്ധത്തിൽ വലിയ കല്ലുകടിയായി. കരുവാരക്കുണ്ട് , പൊന്മുണ്ടം പഞ്ചായത്തുകളിലൊഴികെ മറ്റെല്ലാ ഇടങ്ങളിലും ഇത്തവണ യു.ഡി.എഫ് ആയാണ് മത്സരിക്കുന്നത്. പല പഞ്ചായത്തുകളിലും ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വങ്ങൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. താഴേത്തട്ടിലെ വികാരം ഉൾക്കൊള്ളാതെയാണ് നീക്കങ്ങളെന്ന അമർഷം പലയിടത്തും ശക്തമാണ്. വോട്ട് ചോർച്ചാപേടി ഇരുപാർട്ടികൾക്കിടയിലുമുണ്ട്. ജില്ലാ പഞ്ചായത്തിലേക്ക് അടക്കം വിമത സ്ഥാാനാർത്ഥികൾ രംഗത്തുണ്ട്. ലീഗ് - കോൺഗ്രസ് തർക്കത്തിന്റെ മുന്നിൽ നിൽക്കുന്നവർ സ്ഥാനാർത്ഥികളായ ഇടങ്ങളിൽ വോട്ട് മറിക്കൽ പേടിയിലാണ് ഇരുപാർട്ടികളും.

സാഹചര്യങ്ങൾ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ അത്ര അനുകൂലമല്ലെന്ന വിലയിരുത്തലിലാണ് എൽ.ഡി.എഫ്. യു.ഡി.എഫ് മുന്നണി ആയാണ് മത്സര രംഗത്തുള്ളതെന്നതിനാൽ കഴിഞ്ഞ തവണത്തെ നേട്ടം ഉണ്ടാക്കാനാവില്ല. 34 തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം പിടിക്കാനായെന്നാണ് എൽ.ഡി.എഫ് അവകാശപ്പെട്ടിരുന്നത്. പിന്നീട് ഉപതിരഞ്ഞെടുപ്പുകളിലൂടെ മൂന്ന് പഞ്ചായത്തുകളുടെ കൂടി ഭരണം ഉറപ്പിക്കാനായെന്ന് അവകാശപ്പെടുന്നു. പ്രാദേശിക നേതൃത്വങ്ങളുടെ വികാരം പരിഗണിക്കാതെ യു.ഡി.എഫായി മത്സരിക്കാൻ നിർബന്ധിതമായ സ്ഥലങ്ങളിലെ അടിയൊഴുക്കുകൾ അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന വിവിധ ആരോപണങ്ങളും സ്വർണക്കടത്ത്, ലഹരിക്കേസ് പ്രശ്നങ്ങളും തിരിച്ചടിയാവുമോയെന്ന ആശങ്കയുണ്ട്. അതേ സമയം മുസ്ലിം ലീഗിലെ രണ്ട് എം.എൽ.എമാർ അഴിമതിക്കേസിൽ അറസ്റ്റിലായതും കെ.എം ഷാജിക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുരുക്ക് മുറുക്കുന്നതും ചൂണ്ടിക്കാട്ടി പ്രതിരോധം തീർക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം.

ഇരുമുന്നണികൾക്കുള്ളിലെ പ്രശ്നങ്ങളും അഴിമതിയും തുണയാവുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ഊന്നി പ്രചാരണം ശക്തമാക്കാനാണ് തീരുമാനം. ജില്ലയിൽ എൻ.ഡി.എ മുന്നണിയായി മത്സരിക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് മുന്നണി നേതൃത്വം.

യു.ഡി.എഫ് മികച്ച നിലയിലാണ് പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്നത്. ഐക്യം കൂടുതൽ ശക്തമാണ്. താഴെ തലങ്ങളിൽ കൺവെൻഷനുകൾ നടന്നുകൊണ്ടിരിക്കുകയാണ്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഗൃഹസന്ദർശനം , പൊതുയോഗങ്ങൾ ശക്തമാക്കും. സംസ്ഥാന സർക്കാരിന്റെ വികസനങ്ങൾ വോട്ടാകും.

ഇ.എൻ. മോഹൻദാസ്

സി.പി.എം ജില്ലാ സെക്രട്ടറി

എൻ.ഡി.എ മുന്നണിയായി മത്സരിക്കുന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പാണ്. ഇരു മുന്നണികളുടെയും ചെയ്തികളിൽ ജനം മടുപ്പിലാണ് . മോദി സർക്കാാരിന്റെ വികസന പ്രവർത്തനങ്ങൾ പേര് മാറ്റി അവതരിപ്പിക്കുകയാണ് സർക്കാർ. കേന്ദ്രത്തിൻ്റെ വികസന പ്രവർത്തനങ്ങൾ വോട്ടാകും. മികച്ച മുന്നേറ്റമുണ്ടാവും.

ദാസൻ കോട്ടയ്ക്കൽ

എൻ.ഡി.എ കൺവീനർ