
പെരിന്തൽമണ്ണ: മണ്ണാർമല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം. ഗണപതിയുടെ കൽവിഗ്രഹം, ക്ഷേത്രത്തിലെ ആംപ്ളിഫെയർ, സ്റ്റീരിയോ സെറ്റ് എന്നിവ കൂടാതെ മൂന്ന് ഭണ്ഡാരങ്ങൾ കുത്തിതുറന്ന് പണവും കവർന്നു. പ്രധാന ശ്രീകോവിലും പുറത്ത് ദേവിയുടെ പ്രതിഷ്ഠയുള്ള ശ്രീകോവിലും തുറന്നിട്ടില്ല. ക്ഷേത്രത്തിന്റെ പിറകുവശത്തെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന ദേവീദേവൻമാരുടെ രണ്ടു ചിത്രങ്ങൾ ക്ഷേത്രത്തിന് പിറകുവശത്തെ ആൽമരച്ചുവട്ടിൽ ഉപേക്ഷിച്ച നിലയിലും കാണപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ മേൽശാന്തി ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. ഉച്ചയോടെ മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രത്യേകസംഘംരൂപവത്കരിച്ച് അന്വേഷണമാരംഭിച്ചു. മേലാറ്റൂർ ഇൻസ്‌പെക്ടർ കെ. റഫീഖിന്റെ നിർദ്ദേശ പ്രകാരം എസ്.ഐമാരായ മത്തായി, ജോർജ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.