pravasi
ചെറുമുക്ക് പ്രവാസി നഗറിലേക്കുള്ള പ്രധാന കവാടം

തിരൂരങ്ങാടി: ഇഷ്ട സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ ഈ പ്രാവശ്യം പ്രവാസി നഗറിൽ വോട്ടർമാർ കുറയും. വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന തിരൂരങ്ങാടി

ചെറുമുക്ക് പ്രവാസി നഗറിലെ നൂറുകണക്കിന് പ്രവാസി വോട്ടർമാർക്ക് പതിവുപോലെ ചാർട്ടേഡ് വിമാനത്തിലെത്തി വോട്ട് ചെയ്ത് തിരിച്ചുപോവാൻ ഇത്തവണ ബുദ്ധിമുട്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു. കൊവിഡ് പശ്ചാത്തലത്തിൽ തിരിച്ചുപോക്കിനുള്ള നൂലാമാലകളാണ് പ്രവാസി വോട്ടർമാരിൽ ആശങ്കയുണ്ടാക്കുന്നത്.

ഗൾഫിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന നൂറോളം പേരുടെ കുടുംബങ്ങൾ താമസിക്കുന്ന നന്നമ്പ്ര പഞ്ചായത്തിലെ ആറാം വാർഡിലെ പ്രദേശമാണ് പ്രവാസിനഗർ. രണ്ടായിരത്തോളം വോട്ടർമാരാണ് ഈ വാർഡിലുള്ളത്. ചെറുമുക്ക് ടൗണിൽ നിന്ന് പടിഞ്ഞാറ് വശത്തേക്ക് തിരിഞ്ഞാൽ പ്രവാസി നഗറിലേക്കുള്ള പ്രധാന കവാടം കാണാം.

തിരഞ്ഞെടുപ്പ് സമയത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിലെ പ്രവാസി വോട്ടർമാരെ കൂട്ടത്തോടെ വിമാനം ചാർട്ട് ചെയ്ത് കൊണ്ടുവരാറാണ് പതിവ്. ഇക്കൂട്ടത്തിൽ നല്ലൊരു ശതമാനം പ്രവാസി നഗറുകാരുമുണ്ടാവും. നാട്ടിലെത്താമെന്നതിനാൽ പ്രവാസികൾക്കും ഉറ്റവർ അടുത്തെത്തുമെന്നതിനാൽ വീട്ടുകാർക്കും ആഘോഷസമയമാണിത്.

സാധാരണ തിരഞ്ഞെടുപ്പ് സമയത്ത് കെ.എം.സി.സി പോലുള്ള സംഘടനകൾ കരിപ്പൂർ വഴിയാണ് വോട്ടർമാരെ എത്തിക്കാറ്. എന്നാൽ കൊവിഡ് കാരണം വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന വിമാന സർവ്വീസുകൾ കോവിഡ് മാനദണ്ഡങ്ങൾ തുടരുന്നതിനാൽ പ്രവാസികളുടെ എണ്ണത്തിൽ കുറവ് വരാൻ സാദ്ധ്യതയുണ്ട്. സൗദിയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസില്ലെന്നതും പ്രശ്നമാണ്. തിരിച്ചുപോവണമെങ്കിലും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടിവരും. പ്രവാസികളിൽ കൊവിഡ് കാരണം തിരിച്ച് പോവാൻ പറ്റാത്തവരും വിസാ കാലാവധി നീട്ടിയവരുമായി കുറച്ചുപേരുണ്ടെന്നത് സ്ഥാനാർത്ഥികൾക്ക് ആശ്വാസം പകരുന്നുണ്ട്. എന്നാൽ അന്യസംസ്ഥാനങ്ങളിലുള്ള വോട്ടർമാരും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ ഉള്ളതിനാൽ വോട്ടെടുപ്പിന് കടകളടച്ച് വരാൻ സാദ്ധ്യത കുറവാണെന്നത് സ്ഥാനാർത്ഥികൾ ആശങ്കയുയർത്തുന്നുണ്ട്.

പ്രവാസി നഗർ നിലനിൽക്കുന്ന വാർഡ് യു.ഡി.എഫ് അനായാസം ജയിക്കാറുള്ളതാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി അരീക്കാട്ട് സൗദാ മരക്കാറുട്ടിയും എൽ.ഡി.എഫ് സ്വതന്ത്രസ്ഥാനാർത്ഥിയായി അമരേരി മുബഷിറ നിസാറും തമ്മിലാണ് ഇത്തവണത്തെ
മത്സരം. കഴിഞ്ഞ തവണ ലീഗും കോൺഗ്രസും നേരിട്ടേറ്റുമുട്ടിയ പഞ്ചായത്താണിത്. മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്കായിരുന്നു വിജയം. വർഷങ്ങളായി ലീഗ് ഭരിച്ച് കൊണ്ടിരിക്കുന്ന പഞ്ചായത്താണിത്. ഇത്തവണ യു.ഡി.എഫ് സംവിധാനത്തിലാണ് മത്സരം. 13 ഇടത്ത് മുസ്ലിം ലീഗും ഏഴിടത്ത് കോൺഗ്രസും മത്സരിക്കുന്നു.