മലപ്പുറം: ഇത്തവണ മൂന്നു മുന്നണികളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പോരാടുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൻ.ഡി.എ മുന്നണി ഉണ്ടായിരുന്നില്ല. ബി.ജെ.പി തനിച്ചാണ് മത്സരിച്ചത്. ഇത്തവണ ബി.ഡി.ജെ.എസ് കൂടി ഉൾപ്പെട്ട എൻ.ഡി.എ വലിയ പ്രതീക്ഷയിലാണ്. എൻ.ഡി.എ. ജില്ലാ കൺവീനർ ദാസൻ കോട്ടയ്ക്കൽ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു.
ജനം വിധിയെഴുതും
എൻ.ഡി.എ വലിയ പ്രതീക്ഷയിലാണ്. രണ്ട് മുന്നണികളുടെ സ്ഥിതി ആരും പറയാതെ തന്നെ ജനങ്ങൾക്കറിയാം. പ്രധാനമന്ത്രിയുടെ വികസന പദ്ധതികളുടെ പേര് മാറ്റുന്നതല്ലാതെ സംസ്ഥാനത്ത് മറ്റൊന്നും നടക്കുന്നില്ല. ഏതു രംഗത്തും അഴിമതിയല്ലാതെ മറ്റൊന്നും എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്ക് പറയാനില്ല. സംസ്ഥാനതലത്തിൽ നടത്തുന്ന അഴിമതികളുടെ ബാക്കിപത്രം തന്നെയാണ് തദ്ദേശസ്ഥാപനങ്ങളിലും നടക്കുന്നത്.
മികച്ച നേട്ടമുണ്ടാക്കും
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റയ്ക്കാണ് മത്സരിച്ചത്. എൻ.ഡി.എ എന്ന നിലയിൽ ആദ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പാണിത്. മുന്നണി സംവിധാനം എല്ലായിടത്തും ശക്തമാണ്. ബി.ഡി.ജെ.എസിന്റെ വരവ് മികച്ച നേട്ടങ്ങൾക്ക് വഴിവയ്ക്കും. ന്യൂനപക്ഷ വോട്ടർമാർക്കിടയിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാനായി. ജില്ലയിൽ ഇരുമുന്നണികളിലും തർക്കങ്ങൾ രൂക്ഷമാണ്. മിക്കയിടങ്ങളിലെയും വിമത സ്ഥാനാർത്ഥികൾ ഇതിന്റെ തെളിവാണ്. എൻ.ഡി.എ സ്ഥാനാർത്ഥികളിൽ പലരും ഇതിനകംതന്നെ പലവട്ടം ഗൃഹ സന്ദർശനം പൂർത്തിയാക്കി.