melattur
മേലാറ്റൂർ മേഖലയിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചരണ ആനിമേഷൻ വീഡിയോയിൽ നിന്ന്

മേലാറ്റൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഇത്തവണ കൊവിഡ് ഭീഷണിക്കിടയിലായതിനാൽ സോഷ്യൽ മീഡിയകളാണ് മുന്നണികൾ പ്രചരണത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. വേറിട്ട പ്രചരണ തന്ത്രങ്ങളാണ് ഓരോ മുന്നണികളും പയറ്റിക്കൊണ്ടിരിക്കുന്നത്. സ്ഥാനാർഥികളുടെ അനൗൺസ്‌മെന്റ് അടങ്ങിയ ആനിമേഷൻ വാഹനമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. സ്ഥാനാർഥികളുടെ ചിത്രം പതിച്ച ഫ്ളക്സ് ബോർഡും കൊടിയും ചിഹ്നവും ഘടിപ്പിച്ച് റോഡിലൂടെയുള്ള വാഹന പ്രചരണം അതേപടി ആനിമേഷനിലൂടെ ഒപ്പിയെടുത്ത് ജനമനസുകളിൽ കയറിപ്പറ്റുകയാണ് മുന്നണികളുടെ ലക്ഷ്യം. ആഴ്ചകൾക്ക് മുമ്പേ സ്ഥനാർഥിത്വം ഉറപ്പിച്ചവരാണ് ഇപ്പോൾ ആനിമേഷൻ വീഡിയോകളിലൂടെ ആദ്യഘട്ട പ്രചരണം ആരംഭിച്ചത്.

ആനിമേഷൻ വീഡിയോകൾ ജനങ്ങളെ ആകർഷിപ്പിക്കാനുള്ള പ്രധാന ഘടകമായതിനാൽ ഒട്ടുമിക്ക സ്ഥാനാർഥികളുമിപ്പോൾ ആനിമേഷൻ പ്രചരണത്തിലേക്ക് കടക്കുകയാണ്. ഇത്തരം വീഡിയോകൾ നിർമ്മിച്ചു നൽകാൻ മേലാറ്റൂർ മേഖലയിൽ ധാരാളം ഏജൻസികൾ രംഗത്തുണ്ട്. മാത്രമല്ല പ്രചരണം മൊത്തം ഏറ്റെടുത്ത് നടത്താൻ തയ്യാറുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളും സജീവമാണ്.