കുറ്റിപ്പുറം : കൊവിഡ് പ്രതിസന്ധി വന്നതോടെ ട്യൂഷൻ സെന്റർ അട
ച്ചു. എട്ടുമാസം കഴിഞ്ഞിട്ടും ഉടനെയൊന്നും തുറക്കുന്ന ലക്ഷണമില്ല. വാടക നൽകാൻ സാധിക്കാതെ കെട്ടിടം ഒഴിയേണ്ട അവസ്ഥ. ആകെ നട്ടം തിരിഞ്ഞു നിൽക്കുമ്പോഴാണ് തിരഞ്ഞെടുപ്പിന്റെ വരവ്. എടപ്പാളിൽ അഞ്ചു വർഷമായി അക്ഷര സ്റ്റഡി സെന്റർ എന്ന ട്യൂഷൻ സ്ഥാപനം നടത്തുന്ന വട്ടംകുളം സ്വദേശി അമീർ പിന്നെ ഒന്നും നോക്കിയില്ല. ഈവന്റ് മാനേജ്മെന്റ് മാതൃകയിൽ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യങ്ങൾ ഏറ്റെടുത്തു. സ്ഥാനർത്ഥികൾക്കായി പോസ്റ്ററുകൾ തയ്യാറാക്കുന്നതുമുതൽ , പാരഡിഗാനങ്ങൾ തയ്യാറാക്കൽ , സ്ഥാനാർത്ഥികളുടെ ഇന്റർവ്യൂ നടത്തി ചെറിയ വീഡിയോകളാക്കി നൽകൽ , ഓൺലൈൻ വഴിയുള്ള പ്രചാരണങ്ങൾ തുടങ്ങിയവ അമീർ ഏറ്റെടുത്തു. നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടഞ്ഞു കിടക്കുന്ന ട്യൂഷൻ സ്ഥാപനത്തിന്റെ വാടക നൽകാനും സാമ്പത്തിക ബുദ്ധിമുട്ടിന് താത്കാലിക പരിഹാരത്തിനും വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് അമീർ. ഈ അക്കാദമിക വർഷം ഇനി സ്ഥാപനം തുറക്കാനാവില്ലെന്ന് ഉറപ്പായിരിക്കേ, തിരഞ്ഞെടുപ്പു കഴിഞ്ഞാൽ എന്തു ചെയ്യുമെന്ന ആശങ്ക അമീറിനെ അലട്ടുന്നുണ്ട്.