മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് പോര് അങ്കത്തട്ടിൽ മുറുകിയതോടെ സാദ്ധ്യതകളും പ്രചാരണ അജൻഡകളും ശക്തിയും വ്യക്തമാക്കുകയാണ് മുന്നണി നേതൃത്വങ്ങൾ. വിമതസ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യമാണ് യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരുപോലെ വെല്ലുവിളിയാവുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെയും വിമതരെ പിൻവലിപ്പിക്കാനുള്ള നെട്ടോട്ടത്തിന്റെയും തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി നേതൃത്വങ്ങൾ. ഇനി പരസ്യ പ്രചാരണം കൂടുതൽ ചൂടുപിടിക്കും.
ഇ.എൻ. മോഹൻദാസ്, സി.പി.എം ജില്ലാ സെക്രട്ടറി
ശക്തി: സ്ഥാനാർത്ഥികളിൽ യുവാക്കൾക്ക് പ്രാധാന്യമേകിയത് ഗുണം ചെയ്യും. ജില്ലാ പഞ്ചായത്തിലെ പട്ടിക മാത്രം നോക്കാം. സി.പി.എമ്മിന്റെ 22 സ്ഥാനാർത്ഥികളിൽ 21 പേരും ചെറുപ്പക്കാരാണ്. 21നും 30നും ഇടയിൽ വയസ്സുള്ള ഒമ്പതും 30നും 35നുമിടയിൽ അഞ്ചുപേരുമുണ്ട്. 50 വയസിന് മുകളിൽ ഒരാൾ മാത്രം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ചെറുപ്പക്കാരുടെ വലിയ നിരയുണ്ട്. ഉന്നത ബിരുദധാരികളാണ് ഭൂരിഭാഗവും. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നവരിൽ ആറുപേർ നിയമ ബിരുദധാരികളാണ്. യു.ഡി.എഫ് യുവാക്കളെ തീർത്തും അവഗണിച്ചു. എൽ.ഡി.എഫിന്റെ നിലപാട് യുവാക്കളിൽ വലിയ സ്വാധീനം ചെലുത്തും.
സാദ്ധ്യത: മികച്ച സാദ്ധ്യതയാണ് എൽ.ഡി.എഫിന്. ഭരണഘടനയും പൗരാവകാശങ്ങളും അട്ടിമറിക്കുന്ന ബി.ജെ.പിയുടെ ശ്രമങ്ങളെ ചെറുക്കുന്നതിൽ സി.പി.എമ്മും ഇടതുപാർട്ടികളും സ്വീകരിക്കുന്ന നിലപാടുകൾ ന്യൂനപക്ഷം ഭൂരിപക്ഷമായ ജില്ലയിൽ ചർച്ചയാവും. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സുപ്രീംകോടതിയെ വരെ സമീപിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കാവും ഇത്തവണ ജനങ്ങളുടെ വോട്ട്. എൽ.ഡി.എഫ് ഭരിക്കുന്ന ത്രിതല പഞ്ചായത്തുകളിൽ വലിയ വികസന മുന്നേറ്റമുണ്ടായി. മറ്റ് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലെ വികസന മുന്നേറ്റം മലപ്പുറത്തുണ്ടാവുന്നില്ല. മലപ്പുറത്ത് പദ്ധതികളിലെ കമ്മീഷൻ രാജ് മാത്രമാണ് നടക്കുന്നത്. ഇടതുപക്ഷത്തിന് തുടർഭരണം കിട്ടിയാൽ തദ്ദേശസ്ഥാപനങ്ങളിൽ വരുന്ന മാറ്റത്തിന് പെരിന്തൽമണ്ണ നഗരസഭ ഉദാഹരണമാണ്. അഞ്ച് വർഷത്തിനിടെ 500 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. 50 വർഷമായി ലീഗ് ഭരിക്കുന്ന മലപ്പുറം മുനിസിപ്പാലിറ്റിയിൽ പൊതുശൗചാലയം പോലും നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലാ ആസ്ഥാന നഗരം കൂടിയാണെന്ന് ഓർക്കണം.
പ്രചാരണം: മുസ്‌ലിം ലീഗിന് സംഭവിച്ച മൂല്യച്യുതി പൊതുജനത്തിനിടയിൽ ചർച്ചയായിട്ടുണ്ട്. നേതാക്കന്മാർ അഴിമതിയിൽ മുങ്ങി. യു.ഡി.എഫിലെ പ്രശ്നങ്ങൾക്ക് പുറമെ ലീഗിനുള്ളിൽ വിമതപ്പട സജീവമാണ്. പാണക്കാട് വാർഡിൽ പോലും വിമതസ്ഥാനാർത്ഥിയുണ്ട്. വിമതപ്രശ്നങ്ങൾ നേതൃത്വത്തിന് പരിഹരിക്കാനാവുന്നില്ലെന്നതിന്റെ തെളിവാണിത്. ഡി.സി.സി ഓഫീസ് സ്ഥിരമായി പ്രവർത്തകർ തന്നെ ഉപരോധിക്കുന്ന അവസ്ഥയാണ്. വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടിയാൽ അതിന് ലീഗ് അനുഭവിക്കേണ്ടി വരുമെന്ന് സമസ്ത നേതൃത്വം മുന്നറിയിപ്പേകിയിട്ടുണ്ട്. മുജാഹിദ് വിഭാഗങ്ങളും ലീഗിൽ നിന്ന് അകന്നിട്ടുണ്ട്.
ഉമ്മർ അറക്കൽ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി
ശക്തി: മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥികളിൽ 90 ശതമാനവും ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. മത്സരാർത്ഥികളിൽ 10 ശതമാനം പേർ മാത്രമാണ് സിറ്റിംഗ് മെമ്പർമാർ. മൂന്നുതവണയിൽ കൂടുതൽ മത്സരിച്ചവർക്ക് പകരം പുതുമുഖങ്ങൾക്ക് അവസരം നൽകാനുള്ള മുസ്‌ലിം ലീഗിന്റെ വിപ്ലവകരമായ തീരുമാനവും കണിശമായി നടപ്പാക്കിയതും ജനങ്ങൾക്കിടയിൽ കൂടുതൽ മതിപ്പുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 24 തദ്ദേശസ്ഥാപനങ്ങൾ യു.ഡി.എഫ് മുന്നണിക്ക് പുറത്തായിരുന്നു. ഇത്തവണ രണ്ടിടത്തേ സൗഹൃദമത്സരമുള്ളൂ. മുന്നണി ബന്ധം കൂടുതൽ ശക്തമായത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കഴിഞ്ഞ തവണ എൽ.ഡി.എഫിന് ലഭിച്ച തദ്ദേശസ്ഥാപനങ്ങൾ തിരിച്ചുപിടിക്കും. യു.ഡി.എഫ് മുൻതവണകളേക്കാൾ നില മെച്ചപ്പെടുത്തും.
സാദ്ധ്യത: തദ്ദേശസ്ഥാപനങ്ങളെ സർക്കാരിന്റെ ഏജൻസികളാക്കി മാറ്റാനാണ് ശ്രമിച്ചത്. അധികാര വികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തേണ്ടതിന് പകരം ദുർബലപ്പെടുത്തി. തദ്ദേശസ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും വെട്ടിക്കുറച്ചു. സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന പദ്ധതികൾ നടപ്പാക്കാൻ പഞ്ചായത്തുകളോട് ആവശ്യപ്പെടുകയും ഫണ്ട് നൽകാതെ ബുദ്ധിമുട്ടിക്കുകയും ചെയ്തു. അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്തയ്ക്ക് തന്നെ എതിരായ നിരവധി നടപടികളാണ് സംസ്ഥാന സർക്കാരിൽ നിന്നുണ്ടായത്. ഫണ്ട് നൽകാതെയും അധികാരം വെട്ടിക്കുറച്ചുമുള്ള സർക്കാരിന്റെ നടപടികൾക്കെതിരെ യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ ശക്തമായ സമരവുമായി രംഗത്തുവന്നപ്പോൾ ഇടതു ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ മൗനം അവലംബിച്ചു. ഫലത്തിൽ ഇവിടങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് വലിയ നഷ്ടമാണ് സംഭവിച്ചത്. ഇതിനോടെല്ലാം ജനങ്ങൾ പ്രതികരിക്കും.
വി.വി. പ്രകാശ്, ജില്ലാ കോൺഗ്രസ് കമ്മിറ്റിപ്രസിഡന്റ്
ശക്തി: കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മുന്നണി ബന്ധം ശക്തമാണ്. യു.ഡി.എഫിന് മികച്ച സാദ്ധ്യതയാണുള്ളത്. പതിവിൽ കവിഞ്ഞ ആവേശത്തിലാണ് മുന്നണി പ്രവർത്തകർ. കെ.എസ്.യു പ്രവർത്തകരെ അടക്കം ഉൾക്കൊള്ളിച്ചാണ് കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കിയത്. യുവാക്കൾ, വനിതകൾ എന്നിവർക്ക് കൂടുതൽ പ്രാതിനിധ്യമേകി.
പ്രചാരണം: യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണം നടത്തുന്നത്. സംസ്ഥാന സർക്കാർ നിഷ്ക്രിയമാണ്. അഴിമതി കാരണം അവർ ഒറ്റപ്പെട്ടു. നിലവിൽ നടക്കുന്ന കാര്യങ്ങളെല്ലാം ജനങ്ങൾ കാണുന്നുണ്ട്. അവർ പ്രതികരിക്കുകം. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങളും വോട്ടായി മാറും. വലിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
രവി തേലത്ത്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്
ശക്തി: എൻ.ഡി.എയ്ക്ക് ജില്ലയിൽ ചില പരിമിതികളുണ്ടെങ്കിലും ഇതിനെ മറികടന്നുള്ള മുന്നേറ്റമാവും ഇത്തവണയുണ്ടാവുക. പല തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണം പിടിച്ചെടുക്കാനാവും. രണ്ടക്കം മെമ്പർമാരുമായി പ്രതിപക്ഷത്തിരിക്കുന്ന പത്തോളം തദ്ദേശ സ്ഥാപനങ്ങളുമുണ്ടാവും. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ഇത്തവണ അക്കൗണ്ട് തുറക്കും. ബി.ജെ.പി മത്സരിക്കാത്ത കൽപ്പകഞ്ചേരി പഞ്ചായത്തിലൊഴികെ മറ്റെല്ലാം ഇടങ്ങളിലും മെമ്പർമാരുണ്ടാവും. കേന്ദ്ര സർക്കാരിന്റെ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾ വോട്ടായി മാറും. നിരവധി പേർക്കാണ് ഇത്തരം പദ്ധതികളിലൂടെ സഹായങ്ങൾ ലഭിച്ചത്. ഗ്രാമീണ റോഡുകൾ, റെയിൽവേ, നാഷണൽ ഹൈവേ, വിമാനത്താവളം എന്നിങ്ങനെ പൊതുവായുള്ള വികസന പ്രവർത്തനങ്ങളും ഏറെയാണ്. യു.പി.എ സർക്കാരിന്റെ കാലത്ത് ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് എൻ.ഡി.എ സർക്കാർ ജില്ലയ്ക്കായി ചെയ്യുന്നത്.
പ്രചാരണം: മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഉൾപ്പെട്ട അഴിമതി കേസുകളുണ്ടായി. സ്വർണക്കടത്തും ലഹരിക്കേസുമടക്കം മന്ത്രിമാരടക്കം ഉൾപ്പെട്ട നിരവധി അഴിമതി കേസുകളുണ്ട്. ലീഗ് എം.എൽ.എമാരും അഴിമതിയിലും തട്ടിപ്പിലും അറസ്റ്റിലായി. ഇരുമുന്നണികളും അഴിമതിയിൽ കുളിച്ചിരിക്കുന്നത് ജനം കാണുന്നുണ്ട്. വെൽഫെയർ പാർട്ടി അടക്കമുള്ള തീവ്രവാദ സ്വഭാവമുള്ളവരുമായാണ് യു.ഡി.എഫിന്റെ കൂട്ട്. ഇരുമുന്നണികളും ഇത്തരക്കാരെ തരാതരം പ്രയോജനപ്പെടുത്തുന്നു. തീവ്രവാദ കക്ഷികളെ കൂട്ടുപിടിച്ച നിലപാടുകൾക്കെതിരെ ഭൂരിപക്ഷ സമുദായത്തിൽ നിന്നുള്ളവരും മതേതര സ്വഭാവമുള്ള ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരും വോട്ടു ചെയ്യും.