vvvvvv

പൊന്നാനി: കാൽപ്പന്തിൽ വിസ്മയം തീർത്തവരൊക്കെ മലപ്പുറത്തുകാരുടെ മനസിൽ സുൽത്താൻമാരാണ്. അക്കൂട്ടത്തിലെ ഒന്നാമനാണ് മറഡോണ.

1986 ലോകകപ്പ് മുതലായിരിക്കും മറഡോണ മലപ്പുറത്തുകാരുടെ നെഞ്ചിൽ കൂടു കെട്ടിയിട്ടുണ്ടാവുക. നീല വരയൻ കുപ്പായവും പത്താംനമ്പറും മലപ്പുറത്തുകാർക്ക് മറഡോണയുടെ പ്രതിരൂപമായിരുന്നു. കളമൊഴിഞ്ഞ ശേഷം ഏറെ നാളുകൾക്കൊടുവിൽ പിൻഗാമിയായ മെസ്സിയെ കണ്ടെത്തിയെങ്കിലും മറഡോണയെ മനസിൽ നിന്ന് പടിയിറക്കാൻ മലപ്പുറത്തിന് മനസ് വന്നില്ല.

പുതിയ താരോദയങ്ങൾ വന്നാലും പോയാലും മറഡോണ മലപ്പുറത്തിനെന്തായിരുന്നുവെന്നത് ഓരോ ലോകകപ്പ് കോലാഹലങ്ങളും പറഞ്ഞു തരും. മലപ്പുറത്തിന്റെ തെരുവുകളിൽ വാനംമുട്ടെ ഉയർന്നു നിന്ന മറഡോണ കട്ടൗട്ടുകൾ ഇവിടത്തുകാരുടെ മനസ്സിൽ ഈ ഇതിഹാസത്തിനുള്ള തലപ്പൊക്കമാണ് പ്രകടമാക്കിയത്. ടീമിൽ ഇടം കിട്ടാതെ പുറത്തിരിക്കേണ്ടി വന്നപ്പോൾ, മയക്കുമരുന്ന് വിവാദങ്ങളിൽ കുടുങ്ങിയപ്പോൾ കണ്ണീരണിഞ്ഞിട്ടുണ്ട് ഇവിടെയുള്ളവർ.

കാലം ആ മനുഷ്യനെ കവർന്നെടുത്തിട്ടുണ്ടാവാം. പക്ഷേ,​ മലപ്പുറത്തിന്റെ മനസിൽ നിന്നും അദ്ദേഹത്തിന് പടിയിറക്കമുണ്ടാവില്ല.