തെരുവുനായ ശല്യം അതിരൂക്ഷം
മലപ്പുറം: തെരുവുനായ ശല്യം രൂക്ഷമായതിന് പിന്നാലെ വന്ധ്യംകരണത്തിനായി തുടങ്ങിയ എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി ജില്ലയിൽ നിലച്ചു. പദ്ധതിയുടെ നടത്തിപ്പിന് ജില്ലാ കുടുംബശ്രീ മിഷനെ ചുമതലപ്പെടുത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നില്ല. നാല് പഞ്ചായത്തുകളിൽ ഓപ്പറേഷൻ സെന്റർ ഒരുക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. രണ്ടുമാസം പിന്നിട്ടിട്ടും സെന്ററിന്റെ നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയിട്ടില്ല. സെന്റർ യാഥാർത്ഥ്യമായ ശേഷമേ ഇനി വന്ധ്യംകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാവൂ. ജില്ലാ ആസ്ഥാന നഗരത്തിലടക്കം തെരുവുനായ ശല്യം രൂക്ഷമാണ്. രാത്രികാലങ്ങളിൽ ബൈക്ക് യാത്രികർക്ക് നേരെയടക്കം നായകളുടെ ആക്രമണം ഉണ്ടാവുന്നുണ്ട്.
2019 സെപ്തംബറിൽ വന്ധ്യംകരണ ചുമതല കുടുംബശ്രീയെ ഏൽപ്പിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. പൊന്നാനിയിലെ കുടുംബശ്രീ യൂണിറ്റിന് നായകളെ പിടികൂടാനുള്ള പരിശീലനവും നൽകി. മലപ്പുറം എം.എസ്.പി പരിസരം, സിവിൽ സ്‌റ്റേഷൻ, കോട്ടക്കുന്ന് എന്നിവിടങ്ങളിൽ നിന്നായി എട്ട് നായകളെ പിടികൂടിയിരുന്നു. ഇവയെ വന്ധ്യംകരിക്കാനുള്ള സൗകര്യം ജില്ലയിൽ ഒരുക്കാത്തതിനെ തുടർന്ന് കുടുംബശ്രീയുടെ നേതൃത്വത്തിൽ തൃശൂർ ചാവക്കാട്ടെത്തിച്ചാണ് വന്ധ്യംകരണം നടത്തിയത്. ഇത് കുടുംബശ്രീയും ജില്ലാ മൃഗ സംരക്ഷണ വകുപ്പും തമ്മിൽ അസ്വാരസ്യങ്ങൾക്ക് വഴിവച്ചു.
നേരത്തെ സ്വകാര്യ ഏജൻസി പദ്ധതി ഏറ്റെടുത്ത കാലയളവിൽ ചുങ്കത്തറ കേന്ദ്രീകരിച്ചാണ് വന്ധ്യംകരണ പ്രവൃത്തികൾ ചെയ്തിരുന്നത്. ഇതിനാവശ്യമായ സൗകര്യങ്ങൾ ജില്ലാ മൃഗസംരക്ഷണ വകുപ്പ് നൽകിയിരുന്നു. ചുങ്കത്തറയിലേക്ക് വന്ധ്യംകരണത്തിനായി നായകളെ കൊണ്ടുപോയതോടെ എതിർപ്പുമായി നാട്ടുകാർ രംഗത്തെത്തി. മാലിന്യങ്ങൾ പരിസരത്ത് ഉപേക്ഷിക്കുന്നെന്നായിരുന്നു പരാതി. തുടർന്ന് നായകളെ തിരിച്ച് കുടുംബശ്രീ മിഷനിലേക്ക് എത്തിച്ചു. ഇക്കാര്യം മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. തിരൂർ, മഞ്ചേരി, ചുങ്കത്തറ എന്നിവിടങ്ങളിൽ വന്ധ്യംകരണത്തിനുള്ള സംവിധാനങ്ങൾ ഒരുക്കാമെന്നായിരുന്നു വാഗ്ദാനം. ഒരുവർഷത്തേക്ക് മാത്രമാണ് കുടുംബശ്രീയെ പദ്ധതി ഏൽപ്പിച്ചിരുന്നതെന്നും ഇത് പുതുക്കിയിട്ടില്ലെന്നും കുടുംബശ്രീ അധികൃതർ പറയുന്നു.
വന്ധ്യംകരണത്തിനുള്ള സെന്ററുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് പഞ്ചായത്തുകളെയും പൊതുമരാമത്ത് വകുപ്പിനെയും സമീപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.
ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ