മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ജില്ലയിൽ അനധികൃത മദ്യലഹരി വിൽപ്പനക്കെതിരെ നടപടി ശക്തമാക്കി. പ്രത്യേക സ്‌ക്വാഡുകളുടെ നേത്യത്വത്തിൽ ജനുവരി രണ്ട് വരെ പ്രത്യേക നിരീക്ഷണവും പരിശോധനയും തുടരുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ജോസ് മാത്യു പറഞ്ഞു.
മലപ്പുറം എക്‌സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ തല എക്‌സൈസ് കൺട്രോൾ റൂമിന് പുറമെ കിഴക്കൻ മേഖല, പടിഞ്ഞാറൻ മേഖല എന്നിങ്ങനെ വേർതിരിച്ചാണ് സ്‌ട്രൈക്കിംഗ് ഫോഴ്സിന്റെ പ്രവർത്തനം. മഞ്ചേരി, പെരിന്തൽമണ്ണ, നിലമ്പൂർ, കാളികാവ്, മലപ്പുറം എന്നിവിടങ്ങൾ കിഴക്കൻ മേഖലയിൽപ്പെടും. പൊന്നാനി, തിരൂർ, കുറ്റിപ്പുറം, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നിവിടങ്ങൾ ഉൾപ്പെട്ടതാണ് പടിഞ്ഞാറൻ മേഖല. ഈ മേഖലകളിൽ നിയോഗിക്കപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥർ രഹസ്യവിവരങ്ങൾ ശേഖരിച്ച് തുടർനടപടികൾ സ്വീകരിക്കും. ഇതിനായി ജനമൈത്രി പൊലീസ്, കുടുംബശ്രീ സംവിധാനങ്ങളുടെ സഹായം തേടും. ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിലുള്ളവർ എല്ലാ വാഹനങ്ങളും പരിശോധിക്കും. കള്ളുഷാപ്പുകൾ, ബിയർ, വൈൻ വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തി അതത് സമയങ്ങളിൽ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.
വ്യാജമദ്യ നിർമ്മാണം, വിതരണം, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ അധികൃതരെ അറിയിക്കാം. പരാതിക്കാരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും. ജില്ലാതല എക്‌സൈസ് കൺട്രോൾ റൂം 0483 2734886, മഞ്ചേരി 9400069643, 9400069655, പെരിന്തൽമണ്ണ 9400069656, 9400069654, നിലമ്പൂർ 9400069645, 9400069646, കാളികാവ് 9400069657, 9400069654, പൊന്നാനി 9400069639, 9400069650, തിരൂർ 9400069652, കുറ്റിപ്പുറം 9400069651, തിരൂരങ്ങാടി 9400069642, പരപ്പനങ്ങാടി 9400069653, സ്‌പെഷ്യൽ സ്‌ക്വാഡ് 9400069648.