മേലാറ്റൂർ: തദ്ദേശതിരഞ്ഞെടുപ്പിന് ചൂടുപിടിക്കുമ്പോൾ തിരക്കിലാണ് മേലാറ്റൂരിലെ സജീഷ് മാരാരും ഭാര്യ അശ്വതിയും. സജീഷ് മാരാർ മേലാറ്റൂർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലേക്കും അശ്വതി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് മേലാറ്റൂർ ഡിവിഷനിലേക്കും ബി.ജെ.പി സ്ഥാനാർത്ഥികളായാണ് മത്സരിക്കുന്നത്.
ബി.ജെ.പിയുടെ മേലാറ്റൂർ ഗ്രാമ പഞ്ചായത്ത് തല പ്രസിഡന്റായ സജീഷ് മാരാർ സേവാഭാരതി, ക്ഷേത്രകമ്മിറ്റി തുടങ്ങി വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ട്. ആറു വർഷത്തോളമായി പൊതുരംഗത്ത് സജീവമാണ്. മേലാറ്റൂരിലെ ബി.ജെ.പിയുടെ വളർച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ചിട്ടുള്ള സജീഷ് കാലങ്ങളായി അവഗണിക്കപ്പെട്ടിരുന്ന മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണത്തിന് മുൻകൈയെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. അഞ്ചു സ്ഥാനാർത്ഥികളാണ് ചന്തപ്പടി വാർഡിൽ മത്സര രംഗത്തുള്ളത്. ഉറച്ച ബി.ജെ.പി വോട്ടുകളുള്ള വാർഡിൽ വിജയപ്രതീക്ഷയിലാണ് സജീഷ്. കഴിഞ്ഞതവണ വലിയപറമ്പിൽ മത്സരിച്ചിരുന്നു.
അശ്വതി കുടുംബശ്രീ സെക്രട്ടറി, സേവാഭാരതി എക്സിക്യൂട്ടീവ് അംഗം എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കന്നിയങ്കമാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മികച്ച വോട്ടുള്ള മേലാറ്റൂർ ബ്ലോക്ക് ഡിവിഷൻ പിടിച്ചടക്കാനാണ് പാർട്ടി അശ്വതിയെ നിയോഗിച്ചിരിക്കുന്നത്. കേരള വ്യാപാരി വ്യവസായിഏകോപന സമിതി മേലാറ്റൂർ യൂണിറ്റിൽ ഓഫീസ് സ്റ്റാഫായി ജോലിചെയ്യുന്ന സജീഷ് കണപിള്ളിൽ പത്മനാഭ മാരാരുടെയും രാധാമണിയുടെയും നാലാമത്തെ മകനാണ് . പ്രൈവറ്റ് സ്ഥാപനത്തിൽ കമ്പ്യൂട്ടർ സ്റ്റാഫായി ജോലിചെയ്യുന്ന അശ്വതി പാണ്ടിക്കാട് കിഴക്കേമറ്റപ്പിള്ളിൽ ഷാജി- ഉഷ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്.