താനൂർ: രോഗം നൽകിയ വേദനകൾ മറികടന്ന് നിധു തീർത്തത് വിസ്മയിപ്പിക്കുന്ന വർണ്ണപ്രപഞ്ചം. താനൂർ ബഡ്സ് സ്‌കൂളിലെ വിദ്യാർത്ഥിനി നിധു കൃഷ്ണയാണ് വ്യത്യസ്തമായ ചിത്രങ്ങളാൽ ശ്രദ്ധേയയാവുന്നത്.
ചിറക്കൽ പള്ളിക്കു സമീപം താമസിക്കുന്ന എൽ.ഐ.സി. ഏജന്റും യോഗ അദ്ധ്യാപകനുമായ ചെള്ളിക്കാട്ടിൽ അഖിലേഷ് ബാബുവിന്റെയും തിരൂർ ലാൻഡ് ട്രിബ്യൂണൽ ഓഫീസിലെ സീനിയർ ക്ലർക്ക് സ്മിതയുടെയും മകളാണ് നിധു കൃഷ്ണ. ചെറുപ്പത്തിലേ നിധുവിന് മൈഗ്രേഷണൽ ന്യൂറോളജിക്കൽ ഡിസോർഡർ രോഗം പിടിപെട്ടു. രണ്ടാംവയസു മുതൽ നടക്കുമ്പോൾ വീഴാൻ തുടങ്ങിയപ്പോഴാണ് രോഗം ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ രോഗത്തിന്റെ വിഷമതകളെല്ലാം പെയിന്റിംഗിലൂടെ മായ്ക്കുകയായിരുന്നു നിധു. രക്ഷിതാക്കളും ഏറെ പ്രോത്സാഹനം നൽകി. ഗ്ലാസ് പെയിന്റിംഗ്, എംബോസ് പെയിന്റിംഗ് ചിത്രങ്ങളും ചെയ്യുന്നുണ്ട്.
പാലക്കാട് നെന്മാറ അവൈറ്റീസ് ഹോസ്പിറ്റലിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിധു കൃഷ്ണ അതിഥിയായിപങ്കെടുത്തിരുന്നു. നിധുവിനെ ചികിത്സിച്ച ഡോക്ടർ കുറുപ്പത്ത് രാധാകൃഷ്ണൻ മുഖേനയാണ് ക്ഷണമെത്തിയത്. നടി മഞ്ജുവാര്യരും ചടങ്ങിൽ പങ്കെടുത്തിരുന്നു. നിധുകൃഷ്ണ വരച്ച ചിത്രം മഞ്ജുവാര്യർക്കും ഹോസ്പിറ്റലിനും സമ്മാനമായി നൽകി. കൂട്ടുകാർക്കും ബന്ധുക്കൾക്കും ചിത്രങ്ങൾ സമ്മാനിക്കാറുണ്ട്. വള്ളിക്കുന്ന് മാധവാനന്ദ സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാർത്ഥി റിദ്ദിക് ദേവ് സഹോദരനാണ്. നാലാംവയസ്സിൽ അമൃത വിദ്യാലയത്തിലും പിന്നീട് വിദ്യാനികേതനിലും ചിറയ്ക്കൽ സ്‌കൂളിലും ബഡ്സ് സ്‌കൂളിലുമാണ് പഠനം നടത്തിയത്. 19 വയസുള്ള നിധു രായിരിമംഗലം എസ്.എം.എം.എച്ച്.എസ് സ്‌കൂളിൽ പ്ലസ്ടുവിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിധു കൃഷ്ണയുടെ പെയിന്റിംഗുകൾ കാണാനും പ്രോത്സാഹിപ്പിക്കുവാനും നിരവധി പേർ വീട്ടിലെത്തുന്നു.