എടക്കര: പതിനാറ് വാർഡുകളുള്ള എടക്കര പഞ്ചായത്തിൽ ആറ് വാർഡുകളിൽ അപരന്മാരും അങ്കത്തിനിറങ്ങുന്നു. അപരശല്യം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് എൽ.ഡി.എഫിനെയാണ്. യു.ഡി.എഫും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. കടുത്ത മത്സരം നടക്കുന്ന വാർഡുകളിൽ വോട്ടർമാരെ കബളിപ്പിക്കാനാണ് അപരന്മാരെ ഇറക്കിയിരിക്കുന്നതെന്ന് ഇരുമുന്നണികളും പരസ്പരം ആരോപിക്കുന്നു. നിസ്സാര വോട്ടുകളായിരിക്കും ഒരുപക്ഷേ പലരുടെയും ജയപരാജയങ്ങൾ നിശ്ചയിക്കുക.
പാലേമാട് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.കെ.രാധാകൃഷ്ണൻ മത്സരിക്കുമ്പോൾ, കെ.രാധാകൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവരാണ് സ്വാതന്ത്രന്മാരായി രംഗത്തുള്ളത്. പാറലി വാർഡിൽ സുനിൽ പറലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സനൽ, സനൽ കുമാർ എന്നിവർ സ്വതന്ത്രൻമാരുമാണ്. ഇതേ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി സി.ടി.സലാമും സ്വതന്ത്രനായി സി.പി
അബ്ദുൾ സലീമും രംഗത്തുണ്ട്. മുപ്പിനി വാർഡിൽ സിന്ധുപ്രകാശാണ് കോൺഗ്രസ് സ്ഥാനാർത്ഥി. സിന്ധു സ്വതന്ത്രയും. കാക്കപ്പരത വാർഡിൽ ആമിനമാർ രണ്ടാണ്. എൽ.ഡി.എഫിന്റെ ആമിന ആനക്കായിയും സ്വതന്ത്രയായി മറ്റൊരു ആമിനയും. പെരുങ്കുളം വാർഡിൽ മുസ്‌ലീം ലീഗിന്റെ ആയികുട്ടിയുടെ വോട്ട് ഭിന്നിപ്പിക്കാൻ അപരയായി മറ്റൊരു ആയിഷ രംഗത്തുണ്ട്. പായമ്പാടം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി റസിയ തൊണ്ടിയിലും സ്വാതന്ത്രയായി റസിയയും മത്സരിക്കുന്നു.
കടുത്ത മത്സരം നടക്കുന്ന വാർഡുകളിൽ പ്രമുഖ സ്ഥാനാർത്ഥികൾക്കൊപ്പം സമാന പേരുകളുള്ളവരും കളത്തിലിറങ്ങുമ്പോൾ ഇരു മുന്നണികളും ആശങ്കയിലാണ്.