മലപ്പുറം: കൊവിഡ് പോസറ്റീവായവർക്കും ക്വാറന്റൈനിലുള്ളവർക്കും പ്രത്യേക പോസ്റ്റൽ ബാലറ്റ് പേപ്പർ വഴി വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും നടപടികളും സ്വീകരിക്കുന്നതിനായി സ്പെഷ്യൽ സെൽ രൂപീകരിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നിയോഗിക്കുന്ന ഡെസിഗ്നേറ്റഡ് ഹെൽത്ത് ഓഫീസർ (ഡി.എച്ച്.ഒ) സ്പെഷ്യൽ വോട്ടർമാരുടെ സർട്ടിഫൈഡ് ലിസ്റ്റ് കൈമാറും.
ലിസ്റ്റ് സംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിനും അവ റിട്ടേണിങ് ഓഫീസർമാർക്കും മറ്റ് ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കുന്നതിനുമായാണ് സെപ്ഷ്യൽ സെൽ രൂപീകരിച്ചിട്ടുള്ളത്. സെപ്ഷ്യൽ ബാലറ്റ് നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ ( എൽ.എ എയർപോർട്ട്) പി.ഷാജു അടക്കം 16 പേരാണ് സ്പെഷ്യൽ സെല്ലിലുള്ളത്. വോട്ടർമാരുടെ സർട്ടിഫൈഡ് ലിസ്റ്റ് രണ്ട് വിഭാഗങ്ങളിലായാണ് നൽകുക. ഒന്നാം വിഭാഗത്തിൽ വോട്ടെടുപ്പിന് തലേ ദിവസം വൈകിട്ട് മൂന്ന് മുതൽ പത്ത് ദിവസം മുമ്പ് വരെയുള്ള അതത് ദിവസങ്ങളിലെ കൊവിഡ് പോസിറ്റീവായ വോട്ടർമാരും രണ്ടാം വിഭാഗത്തിൽ വോട്ടെടുപ്പിന് തലേ ദിവസം വൈകിട്ട് മൂന്ന് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് കൊവിഡ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെടുന്ന വോട്ടർമാരെയുമാണ് ഉൾപ്പെടുത്തുന്നത്.
ഒന്നാം വിഭാഗത്തിൽപ്പെടുന്ന വോട്ടർമാർക്ക് സ്പെഷ്യൽ ബാലറ്റ് പേപ്പർ മാത്രമാണ് അനുവദിക്കുക. ഇത്തരം വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനിൽ നേരിൽ പോയി വോട്ട് ചെയ്യുന്നതിനുള്ള അനുമതിയില്ല. എന്നാൽ രണ്ടാം ഗ്രൂപ്പിൽ പെടുന്ന സ്പെഷ്യൽ വോട്ടർമാർക്ക് സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കുകയില്ല. അത്തരം വോട്ടർമാർക്ക് പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വോട്ടെടുപ്പിന്റെ അവസാന സമയത്ത് പോളിംഗ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി വോട്ട് രേഖപ്പെടുത്താം.