velliyankallu
ബു​ധ​നാ​ഴ്ച​ ​വെ​ള്ളി​യാ​ങ്ക​ല്ലി​ൽ​ ​കാ​ണാ​താ​യ​ ​കു​ട്ടി​ക്ക് ​വേ​ണ്ടി​ ​തി​ര​ച്ചി​ൽ​ ​ന​ട​ത്തു​ന്ന നാട്ടുകാർ (​ഫ​യ​ൽ​ ​ചി​ത്രം)

പാലക്കാട്: തൃത്താല മേഖലയിൽ ഭാരതപ്പുഴ കേന്ദ്രീകരിച്ച് അപകടമരണങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ തൃത്താല മേഖലയിൽ മാത്രം പൊലിഞ്ഞത് പതിനഞ്ച് ജീവനുകളാണ്. ബുധനാഴ്ച വെള്ളിയാങ്കല്ല് പൈതൃകപാർക്കിന് സമീപം 12 വയസുകാരനായ വിദ്യാർത്ഥി മുങ്ങിമരിച്ചതാണ് ഏറ്റവും ഒടുവിലെത്തെ സംഭവം. നിരവധി ജീവനുകൾ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷിക്കാനായി. അല്ലെങ്കിൽ മരണസംഖ്യ ഇതിലും കൂടുമായിരുന്നു. പ്രളയാനന്തരം പുഴയിൽ അടിയൊഴുക്ക് വർദ്ധിച്ചതും ആഴത്തിലുള്ള കുഴികളും രൂപപ്പെട്ടതുമാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണം.

പ്രദേശത്ത് അപകടത്തിൽപ്പെടുന്നവരിൽ കൂടുതലും യുവാക്കളും കുട്ടികളുമാണ്. പുഴയുടെ ആഴത്തെക്കുറിച്ച് യാതൊരു അറിവുമില്ലാതെ എത്തുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. മിക്കസമയങ്ങളിലും നാട്ടുകാരുടെയും പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും മറ്റും അവസരോചിതമായ ഇടപെടലുകളാണ് പല ജീവനുകെളയും രക്ഷപ്പെടുത്തിയിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു.


 പുഴയുടെ ആഴവും ഒഴുക്കും അപകടസാധ്യതയും അറിയാത്തവരാണ് അപകടത്തിൽപ്പെടുന്നത്. ഇവ രേഖപ്പെടുത്തിയ മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കണം. നീന്തൽ അറിയാതെ അടിയൊഴുക്കുള്ള ഭാഗങ്ങളിൽ ഇറങ്ങരുതെന്ന് ആളുകളെ ബോധവത്കരിക്കണം.
സി. മിനി (രക്ഷാപ്രവർത്തക, സിവിൽ ഡിഫൻസ്)