പാലക്കാട്: ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് നിരത്തുകളിൽ വാഹനങ്ങൾ സജീവമായതോടെ റോഡപകടങ്ങളും വർദ്ധിച്ചു. ജില്ലാ ക്രൈം റെക്കാർഡ്സ് ബ്യൂറോ (ഡി.സി.ആർ.ബി)യുടെ കണക്കുപ്രകാരം ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായി ജില്ലയിലെ ദേശീയപാതകളിൽ മാത്രം ചെറുതും വലുതുമായ 35 അപകടങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ ഏഴ് പേർക്ക് ജീവൻ നഷ്ടമായി. നിരവധിയാളുകൾക്ക് ഗുരുതര പരിക്കേറ്റു. സംസ്ഥാനപാതകളിലും മറ്റ് സർവീസ് റോഡുകളിലുമായുണ്ടായ അപകടങ്ങൾ ഇതിലും കൂടുതലാണ്. രണ്ട് മാസത്തിനിടെ സംസ്ഥാന പാതയിൽ 48 ഉം മറ്റ് ഓർഡിനറി റോഡുകളിലായി 177 അപകടങ്ങളാണുണ്ടായത്.
അപകടങ്ങളുടെ തോത് കുറയ്ക്കുക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ബോധവത്കരണം ഉൾപ്പെടെയുള്ള പ്രവർത്തികൾ നടക്കുന്നതായി അധികൃതർ പറയുമ്പോഴാണ് ഈ അവസ്ഥ.
റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് പുറമെ യാത്രക്കാരുടെ അശ്രദ്ധയും അമിതവേഗവുമാണ് ഭൂരിഭാഗം അപകങ്ങളുടെയും കാരണം. ജനങ്ങൾ ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനം ഓടിച്ചാൽ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
അപകടങ്ങളുടെ കണക്ക്
ആഗസ്റ്റ്
ആകെ അപകടം 126
ദേശീയപാതയിൽ 17
സംസ്ഥാനപാതയിൽ 19
ഓർഡിനറി റോഡുകളിൽ 90
ആകെ മരണം 18
സെപ്തംബർ
ആകെ അപകടം 134
ദേശീയപാതയിൽ 18
സംസ്ഥാനപാതയിൽ 29
ഓർഡിനറി റോഡുകൾ 87
ആകെ മരണം 18
കുതിരാനിൽ അപകടം തുടർക്കഥ, സമരവുമായി ജനകീയ വേദി
വടക്കഞ്ചേരി: മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപ്പാതയിൽ കുതിരാന് സമീപം അപകടങ്ങൾ വർദ്ധിക്കുമ്പോഴും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വടക്കഞ്ചേരി ജനകീയ വേദി തുരങ്കമുഖത്ത് സമരം നടത്തി. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാതയിൽ 261 അപകടമരണങ്ങൾ നടന്നു. നിർമ്മാണ കമ്പനി അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണം. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ജനറൽ കൺവീനർ ജിജോ അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഡോ.കെ.വാസുദേവൻപിള്ള മുഖ്യപ്രഭാഷണം നടത്തി. സുരേഷ് വേലായുധൻ, മോഹനൻ പള്ളിക്കാട്, എ.സലീം തണ്ടലോട്, എം.എസ്.അബ്ദുൾ ഖുദ്ദൂസ് എന്നിവർ പ്രസംഗിച്ചു.